ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നെയെറിഞ്ഞ് പ്രതിയുടെ അഭിഭാഷകർ!! ഇ-ഫയലിലൂടെ ജാമ്യാപേക്ഷ സമർപ്പിച്ചത് 90-ാം ദിവസം പുലർച്ചെ 12.07-ന്, രാവിലെ 11-ന് നേരിട്ടുള്ള ഫയലും, പോലീസ് കുറ്റപത്രം സമർപ്പിച്ചത് ഉച്ചയ്ക്ക് 12-ന്… റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച കേസിൽ കൊടുംകുറ്റവാളിക്ക് ജാമ്യം

തൃശ്ശൂർ: പോലീസിന്റെ പരമ്പരാഗതരീതിയൊക്കെ ഇപ്പോൾ സാധാരണക്കാർക്കു പോലും മനപ്പാഠമാ, അപ്പോൾ പിന്നെ നിയമം അരച്ചുകലക്കി കുടിച്ച അഭിഭാഷകരുടെ കാര്യം പറയണോ?ഇ-ഫയലിങ്ങിന്റെ നിയമസാധുതയിലൂടെ അഭിഭാഷക ബുദ്ധി പ്രവർത്തിച്ചപ്പോൾ യുവതിയെ പീഡിപ്പിച്ച കേസിൽ കൊടുംകുറ്റവാളിക്ക് 90-ാം ദിവസം സ്വാഭാവിക ജാമ്യം. പോലീസ് 89 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ 90-ാം നാൾ സ്വാഭാവിക ജാമ്യം എന്ന നിയമം ഉപയോഗപ്പെടുത്തി പ്രതിയുടെ അഭിഭാഷകർ ജാമ്യാപേക്ഷ സമർപ്പിച്ചത് 89 ദിവസം പിന്നിട്ട് ഏഴുമിനിറ്റ് തികഞ്ഞപ്പോൾ. 90-ാം ദിവസം പുലർച്ചെ 12.07-ന് അഭിഭാഷകർ ജാമ്യാപേക്ഷ ഇ-ഫയലായി സമർപ്പിച്ചു. രാവിലെ 11-ന് നേരിട്ടുള്ള ഫയലും. പോലീസ് കുറ്റപത്രം സമർപ്പിച്ചത് ഉച്ചയ്ക്ക് 12-ന് മാത്രം.
ഇതോടെ തൃശ്ശൂരിലെ പഞ്ചിക്കൽ ഫ്‌ളാറ്റിലെ വധക്കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി അതിരപ്പിള്ളിയിലെ റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതിയും ഗുണ്ടാനേതാവുമായ കൊടകര റഷീദിന് ജാമ്യം ലഭിച്ച് പുറത്തേക്ക്. റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച കേസിലാണ് ചാലക്കുടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.





