ജോലിക്കുമാത്രമല്ല ഫോൺ ലോൺ ആപ്പുകൾക്ക് തഴച്ചുവളരാനുള്ള വിളനിലവും കേരളംതന്നെ… മൂന്ന് വർഷത്തിനിടെ ബിഹാർ, രാജസ്ഥാൻ സംസ്ഥാനക്കാർ തട്ടിയത് 70 കോടി, അഞ്ചിൽ ഒന്ന് ഇരകൾ സ്ത്രീകൾ!! മുന്നിൽ മലപ്പുറം

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻറെ മരണത്തിന് പിന്നിൽ ലോൺ ആപ്പുകളുടെ സമ്മർദ്ദവും ഒരു
കാരണമാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇതോടെ ഫോൺ ലോൺ ആപ്പുകളും അവർ വിതയ്ക്കുന്ന വിപത്തും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. എന്താവശ്യത്തിനും ഒരു വിരൽത്തുമ്പകലെ പണമെത്തുമെന്നതിനാലും യാതൊരു നൂലാമലകളില്ലാതെ പണം ആ നിമിഷം കയ്യിൽ കിട്ടുമെന്നതിനാലും സ്ത്രീകളും വിദ്യാർഥികളുമടക്കം ഈ ആപ്പിൽ ആകൃഷ്ടരാവുകയാണ്.
ഇതോടെ ലോൺ ആപ്പുകൾ വലിയ സാമൂഹിക ഭീഷണി ആവുകയാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് വായ്പ ആപ്പ് സംഘം തട്ടിയത് 70 കോടിയെന്ന് പോലീസിൻറെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഇരയാകുന്നവരിൽ അഞ്ചിൽ ഒന്നും വീട്ടമ്മമാരാണെന്നും പരാതിപ്പെടുന്നവർ കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും പോലീസ് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇതുവരെ വിവിധ ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് കേരള പോലീസിൻറെ സൈബർ വിഭാഗത്തിൽ സഹായം തേടിയവരിൽ കേസ് നൽകാൻ തയ്യാറായത് 20 ശതമാനംപേർ മാത്രമാണെന്നും പോലീസ് വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വായ്പ ആപ്പ് പരാതികൾ മലപ്പുറം ജില്ലയിൽ നിന്നാണ്. പണമിടപാടുകൾ ഭൂരിഭാഗവും ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നാണെന്നും റിപ്പോർട്ട് പറയുന്നു. പണത്തിന് അത്യാവശ്യമുള്ളവർക്ക് പെട്ടെന്ന് പണം നൽകുന്നതാണ് ലോൺ ആപ്പുകളെ ആകർഷകമാക്കുന്നത്. എന്നാൽ അതിഭീമമായ പലിശയും തിരിച്ചടവ് മുടങ്ങിയാലുള്ള ബ്ലാക്ക്മെയിലും ഭീഷണിയും പലരുടെയും ജീവിതം തന്നെ തകർക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. നൂറ് കണക്കിന് ആപ്പുകൾക്കെതിരെ പലതവണ നടപടി ഉണ്ടായിട്ടും തട്ടിപ്പ് ഇന്നും തുടരുകയാണെന്നതും മറ്റൊരു വസ്തുത.
ഓൺലൈൻ ആപ്പുകളുടെ കെണികളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണമെന്നും സർക്കാർ സംവിധാനത്തിലൂടെ മാത്രമേ വായ്പ എടുക്കാവൂ, ഓഫറുകൾ വേണ്ടെന്ന് വെക്കാനുള്ള ആർജവം കാണിക്കണമെന്നും സൈബർ ഓപ്പറേഷൻ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.
വളരെ എളുപ്പം പൈസയുമായി ആൾക്കാർ തയ്യാറായി നിൽക്കുകയാണ്. എന്നാൽ പത്തിരട്ടി പതിനഞ്ച് ഇരട്ടിയൊക്കെയാണ് തിരിച്ചടവിന് ആവശ്യപ്പെടുന്നത്. എന്നാൽ പണം കയ്യിൽ കിട്ടുമെന്നതിനാൽ ആരും പലിശയുടെ കാര്യത്തിൽ ശ്രദ്ധിക്കാറില്ല. പണി വരുമ്പോൾ മാത്രമാണ് പലരും കൈകാലിട്ട് അടിക്കുന്നത്. എപികെ ഫയൽസ് ഉപയോഗിച്ചാണ് പല ആപ്പുകളും പ്രവർത്തിക്കുന്നത്. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. നമ്മുടെ സ്വകാര്യതയും മാനവും ഈട് വെച്ചാണ് ലോൺ ആപ്പുകൾ പണം തരുന്നത്. ആർബിഐ അനുസൃതമായി നിയമം അനുശാസിക്കുന്ന ബാങ്കുകളിൽ നിന്നും മാത്രമേ ലോൺ എടുക്കൂ എന്നത് ഓരോ ആളുകളും തീരുമാനമെടുക്കണം- എസ് ശ്രീജിത്ത് പറഞ്ഞു.






