‘പ്രതിപക്ഷ നേതാവിനെ എൽഡിഎഫ് തീരുമാനിക്കട്ടെ; യുഡിഎഫിന് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സമയമുണ്ട്; എന്റെ വ്യക്തിപരമായ അഭിപ്രായം നാലാം തീയതിക്ക് ശേഷം മാത്രമേ പരസ്യമായി വെളിപ്പെടുത്തും‘: കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽവരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ നിലവിൽ യാതൊരു തിടുക്കവുമില്ലെന്നും മേയ് നാലാം തീയതിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം എത്ര സീറ്റുകൾ ലഭിച്ചു എന്ന് നോക്കി ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പാർലമെന്ററി പാർട്ടി നേതാവിനെ നിശ്ചയിക്കുകയെന്നും 24 മണിക്കൂറിനുള്ളിൽ തീരുമാനിക്കേണ്ട വിഷയമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ എംഎൽഎമാരുടെ മാത്രമല്ല, എംപിമാരുടെ കൂടി അഭിപ്രായം തേടുമെന്ന് മുരളീധരൻ പറഞ്ഞു. നിലവിൽ എംപിമാരായവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കെപിസിസി അധ്യക്ഷന്റെ ആവശ്യം അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് മുരളീധരൻ പറഞ്ഞു. തനിക്കും ഈ വിഷയത്തിൽ വ്യക്തമായ അഭിപ്രായങ്ങളുണ്ടെന്നും എന്നാൽ നാലാം തീയതിക്ക് ശേഷം മാത്രമേ പരസ്യമായി വെളിപ്പെടുത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പദവിയിൽ ടേം വ്യവസ്ഥകൾ ഒന്നുമില്ലെന്നും തിരഞ്ഞെടുക്കപ്പെടുന്ന നേതാവ് അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നും മുരളീധരൻ വ്യക്തമാക്കി. ഇത്തവണ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കേണ്ട ചുമതല യുഡിഎഫിനില്ലെന്നും അത് സിപിഎമ്മിന്റെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ രണ്ട് ടേം കഴിഞ്ഞുവെന്നും ഇനി പിണറായി വിജയനാണോ അതോ ജയിച്ചുവരുന്ന പുതിയ ആരെങ്കിലുമാണോ പ്രതിപക്ഷ നേതാവാകേണ്ടതെന്ന് എൽഡിഎഫ് തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.





