Breaking NewsLead NewsNEWSWorld

ഇറാനിയൻ നാവികസേനയുമായി ആശയവിനിമയം നടത്തിയിട്ടും ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തു… ”നിങ്ങൾ യാത്രയ്ക്ക് അനുമതി നൽകിയിരുന്നു… ഇപ്പോൾ വെടിവെക്കുന്നു… ഞങ്ങളെ തിരിച്ചു പോകാൻ അനുവദിക്കുക”… സൻമാർ ഹെറാൾഡിലുള്ള ഒരു ക്രൂ അംഗം നടത്തിയ ഓഡിയോ സന്ദേശം പുറത്ത്

ടെഹ്റാൻ: മധ്യപൂർവേഷ്യയിൽ തുടരുന്ന അമേരിക്ക– ഇസ്രയേൽ– ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ സുരക്ഷാ അനിശ്ചിതത്വം വീണ്ടും രൂക്ഷമായി. ഇന്ത്യൻ പതാകയിലുള്ള രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാനിയൻ ഗൺബോട്ടുകൾ വെടിവെപ്പ് നടത്തിയതിനെ തുടർന്ന് അവ യാത്ര നിർത്തി തിരിച്ചു പോയതായി റിപ്പോർട്ട്. “സാൻമർ ഹെറാൾഡ്” എന്ന ക്രൂഡ് ഓയിൽ ടാങ്കറിനും “ജാ​ഗ് അർണവ്” എന്ന മറ്റൊരു കപ്പലിനു നേരെയുമാണ് വെടിവെപ്പുണ്ടായത്. അതേസമയം വെടിവെപ്പിൽ കപ്പലുകൾക്ക് കേടുപാടുകളോ ജീവനക്കാർക്ക് പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് ഉറവിടങ്ങൾ അറിയിച്ചു.

ഇതിനിടെ വെടിവെപ്പിന് മുൻപ് ക്രൂഡ് ഓയിൽ ടാങ്കറായ സൻമാർ ഹെറാൾഡിലുള്ള ഒരു ക്രൂ അംഗം ഇറാനിയൻ നാവികസേനയുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുന്നത് ചരക്ക് കയറ്റുമതി ട്രാക്ക് ചെയ്യുന്ന ഒരു സമുദ്ര രഹസ്യാന്വേഷണ സ്ഥാപനമായ ടാങ്കർ ട്രാക്കേഴ്‌സ് പങ്കിട്ട ഏകദേശം 30 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോയിൽ കേൾക്കുന്നു… ‘സെപാ നേവി. സെപാ നേവി. ഇത് മോട്ടോർ ടാങ്കർ സൻമാർ ഹെറാൾഡ് ആണ്. നിങ്ങൾ എനിക്ക് പോകാൻ അനുമതി നൽകി. എന്റെ പേര് നിങ്ങളുടെ പട്ടികയിൽ രണ്ടാമതാണ്. നിങ്ങൾ ഇപ്പോൾ വെടിവയ്ക്കുകയാണ്. ഞാൻ തിരിച്ചുപോകട്ടെ,” എന്നു പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

Signature-ad

അതുപോലെ അമേരിക്കൻ മാധ്യമങ്ങൾ പ്രകാരം, സംഭവം നടന്ന സമയത്ത് കപ്പൽ കടലിടുക്കിലെ ഗ്രീൻ ഏരിയയിൽ ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കപ്പൽ യാത്രയ്ക്കിടെ ടാങ്കർ അതിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എ‌ഐ‌എസ്) ഓഫ് ചെയ്തിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പിന്നീട് കടലിടുക്കിന്റെ കിഴക്കുഭാഗത്ത് എത്തിയപ്പോൾ എ‌ഐ‌എസ് വീണ്ടും പ്രവർത്തിപ്പിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സുരക്ഷാ പ്രോട്ടോകോളുകളെ കുറിച്ചുള്ള ചർച്ചകൾക്കും ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്.

അതേസമയം സംഭവത്തെ തുടർന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയം ഇറാൻ അംബാസഡറെ വിളിച്ചു വരുത്തി ഗുരുതരമായ ആശങ്ക അറിയിച്ചതോടൊപ്പം വ്യാപാര കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ലാതെ കടന്നുപോകാനുള്ള സാഹചര്യം ഉടൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇറാൻ അംബാസഡർ ഇന്ത്യയുടെ ആശങ്കകൾ ബന്ധപ്പെട്ട അധികാരികൾക്ക് അറിയിക്കാമെന്ന് ഉറപ്പുനൽകിയതായും അധികൃതർ വ്യക്തമാക്കി.

ഇതിനിടെ ഇറാൻ ഹോർമുസ് കടലിടുക്കിനെക്കുറിച്ചുള്ള തന്റെ നിലപാട് വീണ്ടും മാറ്റിയിരിക്കുകയാണ്. നേരത്തെ വെടി നിർത്തൽ പശ്ചാത്തലത്തിൽ കടലിടുക്ക് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. അമേരിക്കൻ നാവിക ഉപരോധം വെടി നിർത്തൽ കരാറിന്റെ ലംഘനമാണെന്നാരോപിച്ച് കടലിടുക്ക് വീണ്ടും സൈനിക നിയന്ത്രണത്തിലാക്കിയതായി ഇറാൻ അറിയിച്ചു. ഇറാൻ റവല്യൂഷണറി ഗാർഡ്സ് പുറത്തിറക്കിയ മുന്നറിയിപ്പിൽ കടലിടുക്കിലേക്ക് സമീപിക്കുന്ന കപ്പലുകൾ ശത്രുവിനൊപ്പം സഹകരിക്കുന്നവരായി കണക്കാക്കുമെന്നും നിയമലംഘനം നടത്തുന്നവരെ ലക്ഷ്യമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏകദേശം അഞ്ചിൽ ഒന്നോളം എണ്ണയും ഗ്യാസും കടന്നുപോകുന്ന പ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്കിൽ ഈ തരത്തിലുള്ള അനിശ്ചിതത്വം തുടരുന്നത് ആഗോള ഇന്ധനവിപണിയെയും വ്യാപാരശൃംഖലയെയും വലിയ രീതിയിൽ ബാധിക്കാനുള്ള സാധ്യത ഉയർത്തുന്നുണ്ട്. ഇന്ത്യ പോലുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് ഇത് നേരിട്ടുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും ശക്തമാണ്. നിലവിലെ യുദ്ധപരിസരത്തിൽ സുരക്ഷാ സാഹചര്യം വഷളാകുന്നതിനാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ സംഘർഷ സാധ്യതകൾ ഉണ്ടാകാമെന്ന വിലയിരുത്തലാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: