‘34 വർഷമായി ഇസ്രയേലും ലെബനനും തമ്മിൽ സമാധാനത്തിൽ സംസാരിച്ചിട്ട്; അത് നാളെ സംഭവിക്കും‘: ട്രംപ്

വാഷിങ്ടൺ: ഇസ്രായേലും ലെബനനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി അമേരിക്ക. രണ്ട് രാജ്യങ്ങളിലെയും നേതാക്കൾ വ്യാഴാഴ്ച നേരിട്ട് സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ദശാബ്ദങ്ങൾക്കുശേഷം നടക്കുന്ന ഈ ഇടപെടൽ മേഖലയിലെ സമാധാന സാധ്യതകൾക്ക് പുതിയ വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം.
ഇറാനെതിരായ യുഎസ്–ഇസ്രായേൽ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം രൂക്ഷമായത്. ഇതിന്റെ ഭാഗമായി ലെബനനിൽ നടന്ന ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങളും ആൾനാശവും ഉണ്ടായി. സൈനിക നീക്കങ്ങൾ തുടരുന്നതിനിടയിലും ദീർഘകാല പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് സൂചന.
അതേസമയം, ഇസ്രായേൽ സൈന്യം പിൻവാങ്ങുകയും അടിയന്തര വെടിനിർത്തൽ നടപ്പിലാക്കുകയും വേണമെന്നാണ് ലെബനന്റെ ആവശ്യം. ഇതിന് ഇടയിലാണ് ചർച്ചകൾക്ക് വേദിയൊരുങ്ങുന്നത്.
ഇരുരാജ്യങ്ങളുടെയും സംഭാഷണത്തെ കുറിച്ച് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ:
“ഇസ്രായേലിനും ലെബനനും ഇടയിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. 34 വർഷത്തിനുശേഷമുള്ള ശ്രമമാണിത്. അത് നാളെ സംഭവിക്കും. കൊള്ളാം!”
ചർച്ചയിൽ പങ്കെടുക്കുന്ന നേതാക്കളെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇസ്രായേൽ പ്രധാനമന്ത്രിയും ലെബനൻ പ്രസിഡന്റും തമ്മിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തൽ.
1948 മുതൽ സംഘർഷാവസ്ഥയിൽ തുടരുന്ന ഇരു രാജ്യങ്ങൾക്കും ഔദ്യോഗിക നയതന്ത്രബന്ധങ്ങൾ ഇല്ലാത്തതിനാൽ ഉന്നതതല കൂടിക്കാഴ്ചകൾ അപൂർവമാണ്. 1983-ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ഇടപെടലിന് ശേഷം ഇത്ര വലിയ നീക്കം ഉണ്ടായിട്ടില്ല. 1993-ൽ പരിമിതമായ തലത്തിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും നേതാക്കൾ തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ച ഉണ്ടായിരുന്നില്ല.
നിലവിൽ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേൽ സൈനിക നടപടി തുടരുന്നതിനാൽ, വെടിനിർത്തൽ ഇല്ലാതെ ചർച്ചയിൽ പങ്കെടുക്കുന്നതിൽ ലെബനൻ സംശയം പ്രകടിപ്പിക്കാനിടയുണ്ട്. അതേസമയം, ഹിസ്ബുള്ളയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
ഇതുവരെ നടന്ന പോരാട്ടത്തിൽ ലെബനനിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സ്ത്രീകളും കുട്ടികളും ചികിത്സാ പ്രവർത്തകരും ഉൾപ്പെടുന്ന വലിയ മനുഷ്യനഷ്ടമാണ് ഉണ്ടായത്. ഇസ്രായേൽ സൈന്യത്തിനും നഷ്ടമുണ്ടായി.
ഈ സാഹചര്യത്തിലാണ് പുതിയ സമാധാനശ്രമങ്ങൾക്ക് തുടക്കമാകുന്നത്. മേഖലയിലെ സംഘർഷം കുറയ്ക്കാനും സ്ഥിരത പുനഃസ്ഥാപിക്കാനും ഈ കൂടിക്കാഴ്ച നിർണായകമാകുമെന്ന പ്രതീക്ഷ ഉയരുന്നു.





