Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

മൊണാലിസയെയും പങ്കാളിയെയും കണ്ടെത്താനായി കൊച്ചിയിലെങ്ങും തിരച്ചിൽ ശക്തമാക്കി മധ്യപ്രദേശ് പോലീസ്; പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്ന് ആവശ്യം

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിക്കും പങ്കാളിയായ ഫർമാനുമായി തിരച്ചിൽ വ്യാപിപ്പിച്ച് മധ്യപ്രദേശ് പോലീസ്. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പോലീസ് സംഘമാണ് ഇരുവരെയും കണ്ടെത്താനായി അന്വേഷണം നടത്തുന്നത്.

പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്നാണ് മധ്യപ്രദേശ് പോലീസിന്റെ ആവശ്യം. പെൺകുട്ടിയെ ഹാജരാക്കാനായി നേരത്തേ ഇവർക്ക് താമസസൗകര്യം ഒരുക്കിക്കൊടുത്തവരോടും മധ്യപ്രദേശ് പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

Signature-ad

പെൺകുട്ടിയുടെയും ഫർമാന്റെയും മൊബൈൽ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചത് തൃക്കാക്കര, ബിനാനിപുരം ഭാഗങ്ങളിലാണെന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശ് പോലീസ് സംഘം കൊച്ചി കേന്ദ്രീകരിച്ച് തന്നെ തിരച്ചിൽ നടത്തുന്നത്. പെൺകുട്ടിയെ കണ്ടെത്താനായി കൊച്ചി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

അതിനിടെ, വൈറൽ പെൺകുട്ടി കഴിഞ്ഞദിവസം സംരക്ഷണം തേടി കൊച്ചി പോലീസിന് അപേക്ഷ നൽകിയിരുന്നു. മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പെൺകുട്ടി സംരക്ഷണം തേടി കൊച്ചി പോലീസിനെ സമീപിച്ചത്. മധ്യപ്രദേശിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നാണ് പെൺകുട്ടിയുടെ ആവശ്യം. തനിക്ക് 18 വയസ്സായിട്ടുണ്ടെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തിൽനിന്ന് നിൽക്കുന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. വയസ്സ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും സമർപ്പിച്ചിട്ടുണ്ട്.

കുംഭമേള വൈറൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് മധ്യപ്രദേശ് പോലീസ് ഫർമാനെതിരേ പോക്സോ കേസ് രജിസ്റ്റർചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായാണ് മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തിയത്. ഫർമാന്റെ സുഹൃത്തിനെയും മധ്യപ്രദേശ് പോലീസ് അന്വേഷിക്കുന്നുണ്ട്.

നേരത്തേ തിരുവനന്തപുരത്തുവെച്ചാണ് കുംഭമേള വൈറൽ പെൺകുട്ടിയും ഫർമാനും വിവാഹിതരായത്. എന്നാൽ, വിവാഹത്തിന് പിന്നാലെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതികളുയർന്നു. 16 വയസ്സ് മാത്രമാണ് പെൺകുട്ടിയുടെ പ്രായമെന്നും ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നുമായിരുന്നു പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ദേശീയ പട്ടികവർഗ കമ്മിഷനും കണ്ടെത്തി. തുടർന്നാണ് മധ്യപ്രദേശ് പോലീസ് പോക്സോ കേസ് രജിസ്റ്റർചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: