Breaking NewsIndiaLead NewsMovieNEWSpolitics

‘രാഷ്ട്രീയ ലാഭത്തിനുവേണ്ടി ആരാധനയെ ചൂഷണംചെയ്യാൻ പാടില്ല; രാഷ്ട്രീയവും സിനിമയും രണ്ടാണ്; ആ സ്‌നേഹവും ഉത്തരവാദിത്തവും രണ്ടാണ്‘- വിജയ്ക്കെതിരെ പ്രകാശ് രാജ്

ചെന്നൈ: തമിഴ്‌നാട്ടിൽ സ്വന്തം പാർട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പ് നേരിടുന്ന നടൻ വിജയ്‌ക്കെതിരേ വിമർശനവുമായി നടൻ പ്രകാശ് രാജ്. ആരാധകവൃന്ദത്തെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിനെ പ്രകാശ് രാജ് രൂക്ഷമായി വിമർശിച്ചു. ഡിഎംകെ സഖ്യത്തിൽ പഴനിയിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർഥി എൻ. പാണ്ഡിക്കുവേണ്ടി പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ടിവികെ നേതാവിനെതിരേ പ്രകാശ് രാജ് വിമർശനമുന്നയിച്ചത്.

‘സിനിമയിൽ നിങ്ങൾക്ക് ഡോക്ടറാവാം, എൻജിനിയറാവാം, വേണമെങ്കിൽ മുഖ്യമന്ത്രിയുമാവാം. എന്നാൽ, യഥാർഥ്യത്തിലേക്ക് വരുമ്പോൾ തമിഴ്‌നാട് ഭാഷാപ്രശ്‌നം നേരിട്ടപ്പോൾ, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായപ്പോൾ, ആത്മാഭിമാനം ചോദ്യംചെയ്യപ്പെട്ടപ്പോൾ നിങ്ങളെവിടെയായിരുന്നു? ഇത് വിജയ് പറയുന്നതുപോലെ എഐഎഡിഎംകെയും ഡിഎംകെയും ടിവികെയും തമ്മിലുള്ള തിരഞ്ഞെടുപ്പല്ല. ഐക്യം വേണോ വിഭജനം വേണോയെന്ന തിരഞ്ഞെടുപ്പാണ്’, പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.

Signature-ad

‘രാഷ്ട്രീയത്തിൽ സൗഹൃദമില്ല. ഇഷ്ടവും കഴിവുമെല്ലാം മറ്റ് കാര്യങ്ങളാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ആരാധനയെ ചൂഷണംചെയ്യാൻ പാടില്ല. ചൂട് സഹിച്ച് ആളുകൾ വരി നിന്നു, കട്ടൗട്ടുകൾവെച്ചു, ടിക്കറ്റെടുത്തു, സ്വന്തം വീടുപോലും ശ്രദ്ധിക്കാതെ നിങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ഇപ്പോൾ ആ സ്‌നേഹം നിങ്ങൾ രാഷ്ട്രീയ പ്രവേശത്തിനായി ഉപയോഗിക്കുകയാണ്. എനിക്കൊരു നടനെ ഇഷ്ടമാണെങ്കിൽ ഞാൻ തൊണ്ടപൊട്ടുംവരെ വിസിലടിക്കും. എന്നാൽ, രാജ്യം അയാൾക്കെഴുതിക്കൊടുക്കാൻ കഴിയില്ല. രാഷ്ട്രീയവും സിനിമയും രണ്ടാണ്. ആ സ്‌നേഹവും ഉത്തരവാദിത്തവും രണ്ടാണ്. രാഷ്ട്രീയത്തിൽ കളത്തിലിറങ്ങി സംസാരിക്കണം’- പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

മൂന്ന് മാതൃകകൾ തമ്മിലെ പോരാട്ടമാണ് തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. ദ്രവീഡിയൻ മോഡൽ, അടിമത്ത മോഡൽ, സിനിമ മോഡൽ എന്നിങ്ങനെയാണ് അദ്ദേഹം മൂന്ന് മാതൃകകളെ തരംതിരിച്ചത്. ഇതിൽ ഏത് മാതൃകയാണ് നിങ്ങൾക്ക് ആവശ്യമെന്ന് പ്രസംഗത്തിനിടെ അദ്ദേഹം സദസ്സിലുള്ളവരോട് ചോദിച്ചു.

‘ഗില്ലി’ മുതൽ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ‘ശിവകാശി’, ‘വില്ല്’, ‘ആതി’ എന്നീ ചിത്രങ്ങളിൽ ഇരുവരും തുടർച്ചായി ഒന്നിച്ച് വേഷമിട്ടു. പിന്നീട് ചെറിയ ഇടവേളയ്ക്കുശേഷം ‘വാരിസ്’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടുമൊന്നിച്ചത്.

‘ഗില്ലി’യിലെ തന്റെ കഥാപാത്രം നായികയെ വിളിക്കുന്ന, ‘ചെല്ലം’ എന്ന വിശേഷണം ഉപയോഗിച്ചാണ് പ്രകാശ് രാജ് വിജയ്‌യെ പൊതുവേദികളിൽ അഭിസംബോധന ചെയ്യാറുള്ളത്. വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചപ്പോഴും ‘ചെല്ലം’ വിളിയോടെയാണ് പ്രകാശ് രാജ് ആശംസ അറിയിച്ചത് ‘നിങ്ങളുടെ പുതിയ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും ചെല്ലം വിജയ്’, എന്നായിരുന്നു അന്ന് പ്രകാശ് രാജ് എക്‌സിൽ കുറിച്ചത്. വിവാദങ്ങളെത്തുടർന്ന് റിലീസ് നീളുന്ന എച്ച്. വിനോദ് ചിത്രം ‘ജനനായക’നിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ച് വേഷമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: