
ടെഹ്റാൻ: ലെബനൻ–ഇസ്രായേൽ വെടിനിർത്തൽ നിലവിലുള്ള ശേഷിക്കുന്ന കാലയളവിൽ ഇറാനും ഒമാനും തമ്മിലുള്ള പ്രധാന കടൽപാതയായ ഹൊർമുസ് കടലിടുക്ക് പൂർണമായും തുറന്നുവെക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവിടുനിന്നും വരുന്ന എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സമില്ലാതെ തുടരാൻ അനുമതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലെബനനിൽ നടപ്പിലാക്കിയ വെടിനിർത്തൽ നടപടികളെ മാനിച്ചുകൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും, വെടിനിർത്തൽ നിലനിൽക്കുന്ന മുഴുവൻ കാലയളവിലും കടൽപാത പൂർണമായി തുറന്ന നിലയിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളുടെ സുരക്ഷയും സ്വതന്ത്ര ഗതാഗതവും ഉറപ്പാക്കുന്നത് മേഖലയിൽ സമാധാനാവസ്ഥ നിലനിർത്താൻ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഈ കടൽപാത തുറന്ന നിലയിലാണ് തുടരുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സാമൂഹ്യമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു.
ഇതിനിടെ, വ്യാഴാഴ്ച അമേരിക്കൻ പ്രസിഡന്റ് ലെബനനും ഇസ്രായേലും തമ്മിൽ പത്ത് ദിവസത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുന്നതിനും മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം ഉണ്ടായതെന്ന് അദ്ദേഹം അറിയിച്ചു. ഇറാനുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥ അവസാനിപ്പിക്കാനുള്ള വ്യാപകമായ സമാധാനശ്രമങ്ങളുടെ ഭാഗമായാണ് ഈ വെടിനിർത്തൽ കരാർ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും തമ്മിൽ നടന്ന ദൂരഭാഷണത്തിന് ശേഷമാണ് വെടിനിർത്തൽ കരാർ രൂപം കൊണ്ടതെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഇരു രാജ്യങ്ങളും സമാധാനപരമായ പരിഹാരത്തിലേക്ക് നീങ്ങാനുള്ള താൽപര്യം പ്രകടിപ്പിച്ചതാണ് ഈ കരാറിന് പിന്നിലെ പ്രധാന ഘടകമെന്നും അദ്ദേഹം വിലയിരുത്തി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് തുറന്ന നിലയിൽ തുടരുന്നത് ആഗോള വ്യാപാരത്തിനും ഇന്ധനവിതരണത്തിനും വലിയ ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്. ഈ നീക്കം മേഖലയിലെ സംഘർഷം കുറയ്ക്കാനും അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക- ഊർജ്ജ പ്രതിസന്ധിയ്ക്ക് ആശ്വാസം പകരാനും കഴിയുമെന്ന പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്.






