Breaking NewsIndiaLead NewsNEWS

പ്രതികൾ പോലീസുകാരായതിനാൽ ശിക്ഷ അനിവാര്യം!! ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ

ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ പേലീസുകാരെ വിട്ടയച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ സമർപ്പിച്ചു. ഫോർട്ട് പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നാണ് സിബിഐ വാദം. പ്രതികൾ പോലീസുകാരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും സിബിഐയുടെ അഭിഭാഷകൻ വ്യക്തമാക്കി.

ഇതോടെ പ്രതികളായ പോലീസുകാർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. സ്റ്റേഷനിൽ ഉദയകുമാറിനെ പോലീസുകാർ ഉരുട്ടിക്കൊന്ന കേസിൽ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. അന്വേഷണത്തിൽ സിബിഐ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയായിരുന്നു കോടതി വിധി. ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ സിബിഐ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഉൾപ്പെടെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒന്നാം പ്രതി കെ ജിതകുമാറിൻറെ വധശിക്ഷയാണ് റദ്ദാക്കിയത്. രണ്ടാം പ്രതി എസ് വി ശ്രീകുമാറിനും 2018 ൽ വധശിക്ഷ വിധിച്ചെങ്കിലും അർബുദബാധയെ തുടർന്ന് 2020 ൽ മരിച്ചു.

Signature-ad

കൊലക്കുറ്റം, ക്രൂരമർദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നായിരുന്നു വധശിക്ഷ. ഉരുട്ടിക്കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കുകയും വ്യാജരേഖ ചമച്ച് ഉദയകുമാറിനെതിരെ കള്ളക്കേസുണ്ടാക്കുകയും ചെയ്തതിന് സിബിഐ പ്രത്യകേ കോടതി മൂന്നു വർഷം തടവും പിഴയും വിധിച്ച മുൻ എസ്പിമാരായ ഇകെ സാബു, ടികെ ഹരിദാസ്, അന്ന് എസ്ഐയിയായിരുന്ന ടി അജിത്കുമാർ എന്നിവരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

അതേസമയം 2005 സെപ്റ്റംബർ 27ന് രാത്രിയിലാണ് പോലീസുകാരുടെ മൂന്നാം മുറ പ്രയോഗത്തിൽ ഉദയകുമാർ ഫോർട്ട് സ്റ്റേഷനിൽ കൊല്ലപ്പെട്ടത്. വഴിയരികിൽ പരുക്കേറ്റ് കിടന്നുവെന്ന് പറഞ്ഞാണ് പോലീസുകാർ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആർഡിഒയുടെ സാന്നിദ്ധ്യത്തിൽ നടന്ന പോസ്റ്റ് മോർട്ടത്തിൽ ഉരുട്ടിക്കൊലയുടെ ഭീകരത പുറത്തുവന്നു. ഉദയകുമാറിൻറെ ശരീരത്തിൽ ഇരുമ്പ് പൈപ്പ് കൊണ്ട് ഉരുട്ടിയതിൻറെയും അടിച്ചതിൻറേയും 22 ഗുരുതര പരിക്കുകൾ കണ്ടെത്തി. ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നീ പോലീസുകാർ ചേർന്ന് ഉരുട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. സോമൻ വിചാരണക്കിടെ മരിച്ചു.

ആക്രിക്കട തൊഴിലാളിയായിരുന്ന ഉദയകുമാറിൻറെ കൈവശമുണ്ടായിരുന്ന നാലായിരം രൂപ മോഷ്ടിച്ചതെന്ന് വരുത്താനായിരുന്നു പോലീസ് ക്രൂരത. ഉച്ചയോടെ ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് സുഹൃത്ത് സുരേഷ് കുമാറിനൊപ്പമാണ് ഉദകുമാറിനെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: