Breaking NewsKeralaLead NewsNEWSpolitics

‘റബ്ബറിന് താങ്ങുവില 250 രൂപയാക്കും;യുഡിഎഫ് ഭരണത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ പ്രഖ്യാപനം‘- രാഹുൽ ഗാന്ധി

കോട്ടയം: റബ്ബർ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി. യുഡിഎഫിന് ഭരണം ലഭിക്കുന്നതോടെയുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ആദ്യ കാബിനറ്റ് യോഗം ഇതായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോട്ടയം പാമ്പാടിയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി ഇന്ത്യയുടെ തന്ത്രപ്രധാനമായ മുഴുവൻ വിവരങ്ങളും അമേരിക്കയ്ക്ക് കൈമാറിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ വിവരങ്ങൾ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന അവസ്ഥയാണെന്നും ഒമ്പത് ലക്ഷം കോടി രൂപയുടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന് മോദി യുഎസിന് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. അപ്പോൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Signature-ad

ട്രംപിന്റെ നിയന്ത്രണത്തിലാണ് മോദി പ്രവർത്തിക്കുന്നത്. എപ്സ്റ്റീൻ ഫയലുകളിലെ വിവരങ്ങൾ പുറത്തുവരാത്തതാണ് ഇതിന് പ്രധാന കാരണം. ഇനിയും പുറത്തുവരാത്ത മൂന്നര ദശലക്ഷം വരുന്ന ഫയലുകൾ പുറത്തുവന്നാൽ മോദിയുടെ യഥാർഥ സ്വഭാവം രാജ്യത്തിന് മനസ്സിലാകും. മോദിയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റെ കൈവശം കൃത്യമായ രേഖകളുണ്ടെന്നും രാഹുൽ ആരോപിച്ചു.

അദാനി എന്നത് വെറുമൊരു സാധാരണ കമ്പനിയല്ലെന്നും അത് ബിജെപിയുടെ സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന ഭാഗമാണെന്നും രാഹുൽ പറഞ്ഞു. അദാനിയെക്കുറിച്ചുള്ള എല്ലാ രഹസ്യവിവരങ്ങളും ട്രംപിനും അമേരിക്കയ്ക്കും അറിയാം. ഈ വിവരങ്ങൾ ഉപയോഗിച്ച് കേന്ദ്രസർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് യു.എസ്. ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: