Breaking NewsIndiaLead NewsNEWSpoliticsWorld

‘പാകിസ്താന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നെന്നത് വെറും പ്രചാരണം മാത്രമാണ്; എണ്ണവില നിയന്ത്രിക്കാൻ ചിലർ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയാണ്; അതേസ്ഥാനത്ത് ഇന്ത്യയ്ക്ക് നിർണ്ണായക ഇടപെടലുകൾ നടത്താനാകും‘- ഇറാൻ

പട്‌ന: പശ്ചിമേഷ്യൻ സംഘർഷത്തിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നുവെന്ന പ്രചാരണങ്ങൾ തള്ളി ഇറാൻ . ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയായ അബ്ദുൾ മജിദ് ഹക്കീം ഇലാഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയൊരുക്കുന്നുവെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക വിപണിയിലെ എണ്ണവിലയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ഇലാഹി ആരോപിച്ചു. ചർച്ചകളിലും നയതന്ത്ര നീക്കങ്ങളിലും പാകിസ്താൻ ഗൗരവതരമായ പങ്ക് വഹിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മുൻ ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ അനുശോചന ചടങ്ങിൽ പങ്കെടുക്കാൻ പട്‌നയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Signature-ad

”പാകിസ്താന് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ല. പാകിസ്താൻ വഴി ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടക്കുന്നുവെന്നത് സത്യമായിരുന്നില്ല. കാരണം വെറുതെ സംസാരിക്കുന്നതിലൂടെ എണ്ണവില പിടിച്ചുനിർത്താൻ അവർ ആഗ്രഹിച്ചു. ചർച്ചകളിലൊ ഒത്തുതീർപ്പുകളിലൊ സംഭാഷണങ്ങളിലൊ യാതൊരു ഗൗരവവും കാണിച്ചിരുന്നില്ല. അവർക്ക് ചില രാജ്യങ്ങളെ ഉപയോഗിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും തയ്യാറാണെന്ന് അവർ വിളിച്ചുപറഞ്ഞു. അതൊന്നും സത്യമായിരുന്നില്ല”- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിലവിലെ സംഘർഷങ്ങൾക്ക് കാരണമായത് ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ആശുപത്രികൾ, സ്കൂളുകൾ, സിവിലിയൻ പ്രദേശങ്ങൾ എന്നിവയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണം ആരംഭിച്ചവർ തന്നെ അത് നിർത്തിയാൽ യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമാധാന ശ്രമങ്ങളിൽ നിർണായക പങ്ക് വഹിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. ഫെബ്രുവരിയിലെ ആക്രമണത്തിന് പിന്നാലെ ഉണ്ടായ ഇറാന്റെ തിരിച്ചടികൾ ആഗോള ഊർജ വിപണിയെയും സാമ്പത്തിക സ്ഥിരതയെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിപ്പിക്കാൻ ലോകനേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഇലാഹി ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: