Breaking NewsBusinessLead NewsNEWSpoliticsPravasiWorld

45 ദിവസത്തെ വെടിനിർത്തൽ പരി​ഗണനയിൽ; യുഎസും ഇറാനും ചർച്ചകളിലെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിന് ഇടവേളയൊരുക്കാൻ സാധ്യതയുള്ള 45 ദിവസത്തെ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ ശക്തമാകുന്നു. യുഎസിനും ഇറാനുമൊപ്പം മധ്യസ്ഥരാജ്യങ്ങളും ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്‌സിയോസ് ആണ് യുഎസ്,ഇസ്രയേൽ എന്നിവിടങ്ങളിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്.

രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാവുന്ന ഒരു കരാറാണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്. ആദ്യഘട്ടത്തിൽ താത്കാലിക വെടിനിർത്തൽ നടപ്പാക്കി യുദ്ധം നിർത്തുന്നതിനുള്ള അടിസ്ഥാന ധാരണയിലെത്തുകയാണ് ലക്ഷ്യം. തുടർന്ന് രണ്ടാംഘട്ടത്തിൽ സമഗ്രമായ സമാധാനകരാർ രൂപപ്പെടുത്തും. ആവശ്യമായാൽ വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.

Signature-ad

ചർച്ചകളിൽ പാക്കിസ്ഥാൻ, ഈജിപ്ത്, ടർക്കി എന്നീ രാജ്യങ്ങൾ മധ്യസ്ഥരായി പ്രവർത്തിക്കുന്നുവെന്നാണ് സൂചന. കൂടാതെ, ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അഘ്‌രാചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.

ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കൽ, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ പരിഹരിക്കൽ രണ്ടാംഘട്ടത്തിലേ സാധ്യമാകൂവെന്നാണ് മധ്യസ്ഥരുടെ വിലയിരുത്തൽ.

അതേസമയം, ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമയപരിധിക്കകം കരാറിലെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം ഇറാൻ സമാധാന ധാരണയിലെത്തണമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ, യുദ്ധം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ അവസാന ശ്രമമായി നയതന്ത്രതലത്തിൽ തിരക്കുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. കരാറിലെത്താൻ സാധിക്കാത്ത പക്ഷം മേഖലയിലെ സുരക്ഷാ സ്ഥിതി കൂടുതൽ വഷളാകാനിടയുണ്ടെന്ന ആശങ്കയും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: