Breaking NewsBusinessLead NewsNEWSpoliticsPravasiWorld

‘ഹോർമുസ് തുറക്കാൻ ചൊവ്വാഴ്ച രാത്രി 8 മണിവരെ സമയം തരുന്നു; തുറന്നില്ലെങ്കിൽ ഇറാന് കാണേണ്ടിവരിക യുഎസിന്റെ ഇതുവരെ കാണാത്ത മുഖം‘- കനത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഉടൻ തുറന്നുകൊടുക്കാത്ത പക്ഷം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം സമാധാനകരാറിലെത്തിയില്ലെങ്കിൽ ഇറാനെ വ്യാപകമായി ആക്രമിക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നൽകി.

സ്വകാര്യ സാമൂഹികമാധ്യമമായ “ട്രൂത്ത് സോഷ്യൽ” വഴിയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളെ “പവർ പ്ലാന്റ് ഡേ”, “ബ്രിഡ്ജ് ഡേ” എന്നിങ്ങനെ വിശേഷിപ്പിച്ച അദ്ദേഹം, അത്തരം ആക്രമണങ്ങൾ നടന്നാൽ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും പറഞ്ഞു.

Signature-ad

ഇതിനിടെ, സാധാരണ ജനങ്ങൾക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകൾ ട്രംപ് തള്ളിക്കളഞ്ഞു. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന ഇറാൻ ജനത ഇത്തരം നടപടികൾക്ക് പിന്തുണ നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അമേരിക്കൻ പൈലറ്റിനെ ഇറാൻ മണ്ണിൽനിന്ന് രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ട്രംപിന്റെ ഭീഷണിക്കെതിരെ ഇറാൻ ശക്തമായി പ്രതികരിച്ചു. യുഎന്നിലെ ഇറാൻ പ്രതിനിധികൾ അമേരിക്കൻ നീക്കങ്ങളെ യുദ്ധക്കുറ്റമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതോടൊപ്പം, തിരിച്ചടിക്ക് തയ്യാറാണെന്ന സൂചനയും നൽകി. ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേൽ മേഖലയിലെയും പ്രധാന അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമാക്കുമെന്ന മുന്നറിയിപ്പും പുറത്ത് വന്നു.

ഇതിന് മുൻപും ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണവിതരണത്തെയും സാമ്പത്തികസ്ഥിരതയെയും ബാധിക്കുന്ന സാഹചര്യത്തിൽ, ഇരുരാജ്യങ്ങളുടെയും നിലപാട് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: