ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിൽ ടെഹ്റാനിൽ പലയിടത്തും വ്യോമാക്രമണം; 18 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, മരണസംഖ്യ ഉയരും? ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ക്യാമ്പസും ഗ്യാസ് പ്ലാന്റും തകർന്നു, തകർന്നത് ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള സർവകലാശാല

ടെഹ്‌റാൻ: ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാൻ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന എസ്ലാംഷാർ സമീപത്തെ ഒരു കെട്ടിടത്തിൽ വ്യോമാക്രമണം. തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ വ്യോമാക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആക്രമിക്കാൻ ഈ കെട്ടിടം ലക്ഷ്യമാക്കിയതിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല.
ഇറാൻ സർക്കാരിനോട് അടുപ്പമുള്ള ഫാർസ് ന്യൂസ് ഏജൻസിയും നൂർ ന്യൂസും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ഇറാനോട് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ആക്രമണം നടന്നത്. പുലർച്ചെ ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെയും വ്യോമാക്രമണങ്ങൾ ഉണ്ടായി.
ടെഹ്‌റാനിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ക്യാമ്പസിനും സമീപ പ്രദേശങ്ങൾക്കും നേരെയുമാണ് വ്യോമാക്രമണമുണ്ടായത്. സർവകലാശാലയ്ക്കു സമീപമുള്ള പ്രകൃതി വാതക വിതരണ കേന്ദ്രം കേടുപാടുകൾക്ക് ഇരയായതായി ഇറാൻ മാധ്യമങ്ങൾ അറിയിച്ചു. യുദ്ധസാഹചര്യത്തെ തുടർന്ന് ക്ലാസുകൾ ആരംഭിച്ചതിനാൽ ക്യാമ്പസിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നില്ല.
അതേസമയം ഈ സർവകലാശാല സൈനിക ഗവേഷണങ്ങളുമായി, പ്രത്യേകിച്ച് ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി ബന്ധമുണ്ടെന്നാരോപിച്ച് നിരവധി രാജ്യങ്ങൾ മുമ്പ് ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഈ കേന്ദ്രം ആക്രമണ ലക്ഷ്യമായിരിക്കാമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
ഇതിനിടെ, ടെഹ്‌റാനിന് സ്ഥിതി ചെയ്യുന്ന വിശുദ്ധ നഗരമായ ക്വോംയിലെ ഒരു താമസ മേഖലയിലുണ്ടായ മറ്റൊരു വ്യോമാക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായി സർക്കാർ നിയന്ത്രിത ‘ഇറാൻ’ പത്രം റിപ്പോർട്ട് ചെയ്തു. ഇവിടെ ലക്ഷ്യം എന്തായിരുന്നു എന്നതും വ്യക്തമല്ല.
ഇതുവരെ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്രായേലോ, യുഎസോ ഏറ്റെടുത്തിട്ടില്ല. യുദ്ധം കടുത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ ഇറാൻ ഇതുവരെ മരണസംഖ്യയോ സൈനിക നഷ്ടങ്ങളോ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. രാജ്യത്തുടനീളം സുരക്ഷാ മുന്നറിയിപ്പുകൾ ശക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ വ്യോമാക്രമണങ്ങൾ മേഖലയിൽ ആശങ്കയും അനിശ്ചിതത്വവും വർധിപ്പിച്ചിരിക്കുകയാണ്.






