എം കെ മുനീറിന്റെ ജപ്തി ഭയം ഒഴിവായി; 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്ത് മുസ്ലീം ലീഗ്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു. മുസ്ലീം ലീഗ് നേതൃത്വമാണ് 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്തത്. ലീഗിൻ്റെ അക്കൗക്കിൽ നിന്നാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ പണം അടച്ചത്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിനുപിന്നാലെയാണ് മുസ്ലീം ലീഗ് പണം അടച്ചത്.
30 വർഷത്തിലധികം നീണ്ട പാർലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന ലീഗ് നേതാവ് എം കെ മുനീറിന് വലിയ ആശ്വസമായിരിക്കുകയാണ് പാർട്ടിയുടെ ഈ സഹായം.
58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ മുൻ മുഖ്യമന്ത്രിയും എം.കെ. മുനീറിന്റെ പിതാവുമായ സി എച്ച് മുഹമ്മദ് കോയ പണിത, നടക്കാവിലെ ക്രെസെന്റ് ഹൗസ് എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ഈ വീട് പുതുക്കി പണിയുവാനാണ് മുനീർ വായ്പയെടുത്ത്. 58 ലക്ഷം രൂപയുടെ വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷം രൂപയാക്കി കുറച്ച് നിശ്ചയിച്ചിരുന്നു. പക്ഷേ ഇതും അദ്ദേഹത്തിന് അടച്ചു തീർക്കാൻ ആയിരുന്നില്ല. ഇതോടെയാണ് ഈ മാസം മാർച്ച് 31ന് മുമ്പ് ബാധ്യത തീർത്തില്ലെങ്കിൽ ജപ്തി അടക്കമുള്ള നടപടിയിലേക്ക് പോവേണ്ടി വരുമെന്ന് ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
സി എച്ചിന്റെ ഖബറിടത്തോട് ചേർന്നുള്ള ക്രെസന്റ് ഹൗസ് ലീഗിന്റെ പല നിർണായക തീരുമാനങ്ങൾക്കും വേദിയായ ഇടം കൂടെയാണ്. മുനീറിന്റെ പിതാവ് സി എച്ച് മരിക്കുമ്പോൾ കടബാധ്യതകൾ ഉണ്ടായിരുന്നു. അന്നും പാർട്ടി ഇടപെട്ടാണ് കടങ്ങൾ തീർത്തത്.





