ക്രിസ്തുവിനെ കുരിശിലേറ്റിയെന്ന് വിശ്വസിക്കുന്ന സ്ഥലം… ഓശാന ഞായറാഴ്ച ചർച്ച് ഓഫ് ദി ഹോളി സെപൾചറിൽ മതപുരോഹിതന്മാർക്ക് പ്രവേശനം നിഷേധിച്ച് ഇസ്രയേൽ!! നെതന്യാഹുവിന്റെ നടപടിക്കെതിരെ അമേരിക്ക, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ രംഗത്ത്

ടെൽ അവീവ്/ജെറുസലേം: ഓശാന ദിനത്തിൽ ചർച്ച് ഓഫ് ദി ഹോളി സെപൾചറിൽ സ്വകാര്യ പ്രാർത്ഥനയ്ക്കായി കത്തോലിക്ക മതനേതാക്കളെ ഇസ്രായേൽ പോലീസ് പ്രവേശിപ്പിക്കാതിരുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനം ഉയരുന്നു. ലോകം ഓശാന ഞായർ ആചരിക്കുന്നതിനിടെ ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയത് നൂറ്റാണ്ടുകളായുള്ള മതാചാരങ്ങൾക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.
ഇറാനുമായുള്ള യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടന്ന സാഹചര്യത്തിൽ ജെറുസലേമിൽ സുരക്ഷാ ഭീഷണി ഉയർന്നതിനാൽ പ്രധാന വിശുദ്ധ കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾക്കും ആരാധനകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഇസ്രായേൽ പോലീസ് അറിയിച്ചു.
ലാറ്റിൻ പാത്രിയാർക്കീസ്, കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ല, കസ്റ്റോസ് ഓഫ് ദി ഹോളി ലാൻഡ് എന്നീ ഗ്രൂപ്പുകളുൾപ്പെട്ട സഭയിലെ ഉന്നത നേതാക്കളെയാണ് കുർബാന അർപ്പിക്കുന്നതിൽ നിന്ന് തടഞ്ഞത്. യേശുക്രിസ്തുവിനെ കുരിശിലേറ്റിയെന്ന് വിശ്വസിക്കുന്ന സ്ഥലത്താണ് ഈ ആരാധനാലയമുളളത്. സ്വകാര്യമായി വളരെ ചെറിയൊരു പ്രാർത്ഥന നടത്താനായിരുന്നു അനുമതി തേടിയതെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ് വ്യക്തമാക്കി.
ഇത് വളരെ അന്യായവും അനുപാതരഹിതവുമായ നടപടിയാണെന്ന് പാട്രിയാർക്കേറ്റ് പ്രതികരിച്ചു. യുദ്ധം ആരംഭിച്ച ശേഷം പൊതുജനങ്ങൾക്ക് അടച്ചിട്ട മുറിയിൽ പ്രാർത്ഥനകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഓശാന ദിനത്തിലെ ചടങ്ങ് മാത്രം തടഞ്ഞതെന്നാണ് പിതാക്കന്മാർ ചോദിക്കുന്നത്.
അതേസമയം പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ- പഴയ നഗരത്തിലെ ചുരുങ്ങിയ വഴികൾ അടിയന്തര സേവനങ്ങൾക്ക് അനുകൂലമല്ല, കൂടാതെ ബോംബ് ഷെൽട്ടറുകളുടെ അഭാവവും വലിയ ആശങ്കയുണ്ടാക്കുന്നു. ഇറാനിയൻ മിസൈൽ ആക്രമണത്തെ തടയുന്നതിനിടെ വീണ അവശിഷ്ടങ്ങൾ ദേവാലയത്തിന് സമീപം പതിച്ചതും സുരക്ഷാ സാഹചര്യത്തെ കൂടുതൽ ഗുരുതരമാക്കി.
ഇസ്രയേലിന്റെ നടപടിക്കെതിരെ അമേരിക്ക, ഫ്രാൻസ്, തുടങ്ങിയ ഇറ്റലി രാജ്യങ്ങൾ വിമർശനവുമായി രംഗത്തെത്തി. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ജെറുസലേമിൽ എല്ലാ മതങ്ങൾക്കും സ്വതന്ത്രമായി ആരാധന നടത്താനുള്ള അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഈ നടപടി വിശ്വാസികളോടുള്ള അപമാനമാണെന്നും മത സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും പറഞ്ഞു. അമേരിക്കൻ പ്രതിനിധികളും ഇസ്രയേലിന്റെ നടപടിക്കെതിരെ രംഗത്തെത്തി.
അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ദുഷ്പ്രേരിതമല്ലെന്നും വ്യക്തമാക്കി. ഈസ്റ്ററിന് മുമ്പുള്ള വിശുദ്ധ ആഴ്ചയിൽ ദേവാലയത്തിൽ ആരാധനയ്ക്ക് അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
സാധാരണയായി ഓശാന ദിനത്തിൽ വിശ്വാസികൾ മൗണ്ട് ഓഫ് ഒലൈവ്സ് മുതൽ ജെറുസലേമിലെ പഴയ നഗരത്തിലേക്ക് പ്രദക്ഷിണമായി എത്തുന്നത് യുദ്ധസാഹചര്യത്തെ തുടർന്ന് ഇത്തവണ അത് റദ്ദാക്കി. 50 പേരിൽ താഴെയുള്ള ചെറിയ കൂട്ടങ്ങൾ മാത്രമാണ് പ്രാർത്ഥനകൾ നടത്താൻ അനുമതി നൽകിയിരിക്കുന്നത്. അതേസമയം സുരക്ഷാ നിയന്ത്രണങ്ങളും മതസ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ ജെറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്.






