Breaking NewsBusinessIndiaKeralaLead NewsNEWS

പാചകവാതക ക്ഷാമം: റേഷൻ കടകളെ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണം വ്യാപകമാക്കാൻ ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പാചകവാതകത്തിന്റെ ലഭ്യതയിൽ ഉണ്ടാകുന്ന കുറവ് പരിഗണിച്ച് മണ്ണെണ്ണ വിതരണം വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ താൽക്കാലികമായി അനുമതി നൽകി. ഇതനുസരിച്ച്, പെട്രോൾ പമ്പുകളും റേഷൻ കടകളും വഴി പൊതുജനങ്ങൾക്ക് മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു.

മണ്ണെണ്ണ മുക്തമായി പ്രഖ്യാപിച്ചിരുന്ന 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോലും ഈ ഇളവ് ബാധകമാക്കുന്നുണ്ട്. ഓരോ ജില്ലയിലും പരമാവധി രണ്ട് പെട്രോൾ പമ്പുകളെ മണ്ണെണ്ണ വിതരണ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത്, ഓരോ കേന്ദ്രത്തിനും 5,000 ലിറ്റർ വരെ മണ്ണെണ്ണ സംഭരിക്കാൻ അനുമതി നൽകും.

Signature-ad

ഗ്യാസ് സിലിണ്ടറുകളുടെ വില വർധനയും വിതരണത്തിലെ വൈകല്യങ്ങളും കാരണം സാധാരണക്കാർക്ക് പാചകത്തിനായി ബദൽ ഇന്ധനം ആവശ്യമായ സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ഇതിലൂടെ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇളവ് നിലവിൽ രണ്ട് മാസത്തേക്കാണ് അനുവദിച്ചിരിക്കുന്നത്. സാഹചര്യം വിലയിരുത്തി ഇത് നീട്ടുന്നതിനോ, കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോ കേന്ദ്ര സർക്കാർ പിന്നീട് തീരുമാനമെടുക്കും. സംസ്ഥാന സർക്കാരുകൾക്കും പ്രാദേശിക വിതരണ സംവിധാനങ്ങൾ ക്രമീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മണ്ണെണ്ണയുടെ ദുരുപയോഗം ഒഴിവാക്കുന്നതിനും വിതരണം സുതാര്യമായിരിക്കാനും അർഹരായവർക്ക് തന്നെ ലഭിക്കാനുമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: