ഇന്ത്യയെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ എന്‍ഐഎ കണ്ടെത്തി ; പ്രധാന ഗൂഢാലോചനക്കാരന്‍ പാകിസ്ഥാന്‍ പൗരനായ സാജിദ് സൈഫുള്ള ജട്ട് ; ആയിരത്തിലധികം ആളുകളെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കര്‍-ഇ-തൊയ്ബ, ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ശൃംഖലയെ ഏഴ് മാസം നീണ്ട അന്വേഷണത്തിലൂടെ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനക്കാരന്‍ പാകിസ്ഥാന്‍ പൗരനായ സാജിദ് സൈഫുള്ള ജട്ട് എ്ന്നയാളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എന്‍ഐഎയുടെ കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. പാകിസ്ഥാനിലെ കസൂര്‍ സ്വദേശിയായ ജട്ട്, ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ തലവനാണ്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും, യുഎപിഎപ്രകാരം ഇയാളെ നിരോധിത ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു.
കൃത്യമായ എട്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ മറ്റ് പേരുകള്‍, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്ന് പാകിസ്ഥാന്‍ ഭീകരരായ സുലൈമാനി ഷാ, ഹംസ അഫ്ഗാനി, ജിബ്രാന്‍ എന്നിവരാണ്. ജൂലൈ 28 ന് ദച്ചിഗാം ഏരിയയില്‍ നടന്ന ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന സൈനിക നടപടിയില്‍ ഇവര്‍ കൊല്ലപ്പെട്ടിരുന്നു.
ജമ്മു മേഖലയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, ഭീകരര്‍ക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കിയ ബഷീര്‍ അഹമ്മദ് ജോഥാര്‍, പര്‍വേസ് അഹമ്മദ് ജോഥാര്‍, മുഹമ്മദ് യൂസഫ് കടാരി എന്നിവരുള്‍പ്പെടെ ആറ് പ്രാദേശിക സഹായികളുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രത്തില്‍ മറ്റ് മൂന്ന് പേരുടെ പേരുകള്‍ കൂടി ഉണ്ട്.
പഹല്‍ഗാം കൊലയാളികളെ ഏപ്രില്‍ 21 രാത്രി ഹില്‍ പാര്‍ക്ക് ഏരിയയിലെ ഒരു കുടിലില്‍ താമസിപ്പിച്ചത് ബഷീറും പര്‍വേസും ചേര്‍ന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തെക്കന്‍ കശ്മീരിലെ വനമേഖലയിലൂടെ ഭീകരര്‍ക്ക് വഴികാട്ടിയായും ആക്രമണ സ്ഥലത്തേക്ക് എത്തിച്ചും മുഹമ്മദ് യൂസഫ് സഹായം നല്‍കി. ഏഴ് മാസം നീണ്ട അന്വേഷണത്തിനിടെ എന്‍ഐഎ ആയിരത്തിലധികം ആളുകളെ ചോദ്യം ചെയ്യുകയും ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകര ശൃംഖലയെ കണ്ടെത്തുകയും ചെയ്തു.






