കുറ്റവിമുക്തനാക്കിയെങ്കിലും മേല്‍ക്കോടതികളില്‍ അപ്പീല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നു ; സിനിമാ സംഘടനകളിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവിന് എതിര്‍പ്പറിയിച്ച് ഒരു വിഭാഗം ; ഭിന്നാഭിപ്രായങ്ങളും ശക്തമായി ഉയരുന്നു

കൊച്ചി: മേല്‍ക്കോടതികളില്‍ അപ്പീല്‍ പോകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സിനിമാസംഘടനകളില്‍ ഭിന്നത. നിര്‍മ്മാതാക്കളുടെയും സാങ്കേതികവിദഗ്ദ്ധരുടേയും സംഘടനകളില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ എതിര്‍ ശബ്ദങ്ങളും. കുറ്റവിമുക്തനാക്കിയെങ്കിലും ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചിട്ടുള്ളതായിട്ടാണ് വിവരം.
കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ പരസ്യവിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത് വരികയും ഫെഫ്ക്കയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തു. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സംഘടന കാണിക്കുന്ന അമിതാവേശം കണ്ട് പുച്ഛം തോന്നുന്നു എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. വിധിക്കെതിരെ പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിക്കാനിരിക്കെ ദിലീപിനെ തിടുക്കപ്പെട്ട് തെരഞ്ഞെടുക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സിനിമാ സംഘടനയിലെ ഒരു വിഭാഗം പറയുന്നത്.
ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ഒരുമിച്ച് ഒരു സംഘടനയ്ക്കും നില്‍ക്കാനാകില്ലെന്നും അങ്ങിനെ ചെയ്യുന്നത് തെറ്റിനും ശരിക്കും ഒപ്പം നില്‍ക്കുന്നത് പോലെയാകുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അതിനിടയില്‍ അതിജീവിതയ്ക്കൊപ്പമെന്ന സന്ദേശം നല്‍കി സാംസ്‌ക്കാരിക കൂട്ടായ്മകളും രംഗത്ത് വരികയാണ്. മാനവീയം വീഥിയില്‍ ഇന്ന് അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാംസ്‌ക്കാരിക കൂട്ടായ്മ ഇന്ന് വൈകിട്ട് നടക്കുന്നുണ്ട്.
സമാനമായ രീതിയിലുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കോഴിക്കോട് മിഠായി തെരുവിലും സാമൂഹ്യ കൂട്ടായ്മയ്ക്ക് നീക്കം നടക്കുന്നുണ്ട്. ദിലീപിനെ കേസില്‍ കുറ്റവിമുക്തന്‍ ആക്കിയെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ തങ്ങള്‍ അതിജീവിതയ്ക്കൊപ്പമാണെന്ന പ്രചരണവുമായി രംഗത്ത് വന്നിരുന്നു.






