കണ്ണൂരില്‍ സിപിഎമ്മിന് ഡബ്ബിള്‍ ഷോക്ക്; സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം തടവ് ശിക്ഷ; ശിക്ഷ ലഭിച്ചത് പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍; ജയിലില്‍ പോവുക പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ.നിഷാദ്

കണ്ണൂര്‍: സിപിഎമ്മിന്റെ വിളനിലമായ കണ്ണൂരില്‍ പാര്‍ട്ടിക്ക് ഡബ്ബിള്‍ ഷോക്ക്!! സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി.
പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രതിക്ക് തടവുശിക്ഷ വിധിച്ചത്.
സിപിഎം പ്രവര്‍ത്തകരായ ടി.സി.വി നന്ദകുമാര്‍, വി.കെ.നിഷാദ് എന്നിവരെയാണ് 20 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. പ്രതികള്‍ 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാവും.
കണ്ണൂര്‍ പയ്യന്നൂരില്‍ പോലീസിന് നേരെ ബോംബറിഞ്ഞ കേസിലാാണ് ശിക്ഷ. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷ വിധി.
ശിക്ഷിക്കപ്പെട്ട വി.കെ.നിഷാദ് പയ്യന്നൂര്‍ നഗരസഭയില്‍ 46-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റുമാണ്.
തെരഞ്ഞെടുപ്പില്‍ നിഷാദ് ജയിച്ചാലും ജനപ്രതിനിധിയായി തുടരാന്‍ ശിക്ഷാവിധി തടസമാകും.
പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റവും സ്‌ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞിരുന്നു. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ ടൗണില്‍ വെച്ച് പോലീസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികള്‍ ബോംബ് എറിയുകയായിരുന്നു. ഐപിസി 307 സ്‌ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്തിന്റെതാണ് ശിക്ഷാവിധി.






