വിവാഹ ചടങ്ങിന് തൊട്ടുമുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വരന്‍ തുപ്പാനായി ഡല്‍ഹി-സഹാറന്‍പൂര്‍ ദേശീയ പാതയ്ക്ക് സമീപത്തേക്ക് ഇറങ്ങിപ്പോയി ; അമിതവേഗതയി ലെത്തിയ ട്രക്കിടിച്ച് മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ ഒരു പ്രധാന വിവാഹ ചടങ്ങിന് തൊട്ടുമുമ്പ് അമിതവേഗതയിലെത്തിയ ട്രക്കിടിച്ച് 25 വയസ്സുകാരനായ വരന്‍ മരിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു. പിച്ചോക്ര ഗ്രാമത്തില്‍ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റായ സുബോധാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹം വിവാഹഘോഷയാത്രയുമായി സരൂര്‍പുര്‍കലന്‍ ഗ്രാമത്തില്‍ എത്തിയത്.
ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുബോധിന്റെ ആരോഗ്യനില പെട്ടെന്ന് മോശമായതായി ബന്ധുക്കള്‍ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ്, ശാരീരിക അസ്വാസ്ഥ്യം തോന്നിയ സുബോധ് ഛര്‍ദ്ദിക്കാനായി ഡല്‍ഹി-സഹാറന്‍പൂര്‍ ദേശീയ പാതയ്ക്ക് സമീപത്തേക്ക് ഇറങ്ങി. ആ സമയം അമിതവേഗതയിലെത്തിയ ഒരു ട്രക്ക് അദ്ദേഹത്തെ ഇടിക്കുകയും നിരവധി മീറ്റര്‍ ദൂരം വലിച്ചിഴക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
ട്രക്ക് ഡ്രൈവര്‍ വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ട്രക്കിനെയും ഡ്രൈവറെയും തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ബാഗ്പത് കോട്വാലി ഇന്‍-ചാര്‍ജ്ജ് ദീക്ഷിത് ത്യാഗി പറഞ്ഞു. ‘ഒളിവില്‍ പോയ ട്രക്കിനെ തിരിച്ചറിയാന്‍ സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പ്രതിയായ ഡ്രൈവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. കേസില്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’ അദ്ദേഹം പറഞ്ഞു.






