Breaking NewsCrimeKeralaLead NewsNEWSNewsthen SpecialSocial MediaTRENDING

‘കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരീക്ഷിക്കാവുന്ന ചികിത്സാ രീതികള്‍’; 22 എഫ്‌കെ സിനിമയിലെ റിവഞ്ച് സീന്‍ പങ്കുവച്ച് പി. സരിന്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ഒളിയമ്പ്; രാഹുലിനായി ആഞ്ഞടിച്ച് സൈബര്‍ പോരാളികളും

പാലക്കാട്: ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്കായി ഓഡിയോയും വാട്‌സാപ് ചാറ്റും പുറത്ത് വന്നതിന് പിന്നാലെ ഒളിയമ്പുമായി സിപിഎം നേതാവ് പി. സരിന്‍. ‘കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരീക്ഷിക്കാവുന്ന ചില ചികിത്സാ രീതികള്‍’ എന്ന കുറിപ്പോടെ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ റിവഞ്ച് സീന്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചാണ് സരിന്റെ പരിഹാസം.

സിനിമയിലെ നായികയായ ടെസ എന്ന കഥാപാത്രം പ്രതിനായകനായ സിറിലിനെ മയക്കിക്കടത്തി ലിംഗം മുറിച്ചുമാറ്റുന്ന രംഗമാണ് സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് തന്നെ കേസില്‍ കുടുക്കിയ സിറിലിനോട് ടെസ നടത്തുന്ന പ്രതികാരമാണിത്. കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇതുപോലെ ചില ചികിത്സാ രീതികള്‍ പരീക്ഷിക്കാം എന്നാണ് സരിന്റെ പോസ്റ്റില്‍ പറയുന്നത്.

Signature-ad

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന രീതിയിലുള്ള ഓഡിയോയും വാട്സാപ്പ് ചാറ്റുമാണ് ഇന്ന് പുറത്തുവന്നത്. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടിയടെ ശബ്ദരേഖയിലുണ്ട്. രാഹുല്‍ കുട്ടിയെ വേണമെന്ന് ആവശ്യപ്പെടുന്നതായാണ് പുറത്തുവന്ന വാട്ട്‌സ് ആപ്പ് ചാറ്റും. യുവതി സങ്കടം പറയുമ്പോള്‍ ‘നീയെന്തിനാണ് ഡ്രാമ കളിക്കുന്നത്’ എന്നുപറഞ്ഞ് രാഹുല്‍ ക്ഷുഭിതനാകുന്നതും ഓഡിയോയിലുണ്ട്.

നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിന്റെ പുറത്തുവന്ന ഓഡിയോയും വാട്‌സാപ് ചാറ്റുകള്‍ വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രാഹുലിനെതിരെ കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെയാണ് വീണ്ടും ഓഡിയോയും വാട്‌സാപ് ചാറ്റും പുറത്തുവന്നിരിക്കുന്നത്.

ആരുടെയും പേരെടുത്തു പറയാതുള്ള പോസ്റ്റ് ആണെങ്കിലും സരിന്റെ പോസ്റ്റിനു താഴെ രാഹുല്‍ മാങ്കൂട്ടം അനുകൂലികളുടെ തെറിവിളികളുടെ പ്രളയമാണ്. പോസ്റ്റിനെ അനുകൂലിക്കുന്നവരേക്കാള്‍ ഏറെയും സരിന്റെ വീട്ടിലുള്ളവരെയും ഭാര്യയെയും കുടുംബത്തെയും വരെ വച്ചുകൊണ്ടു തെറിവിളിക്കുന്നവരാണ്. ഇതേ ആളുകള്‍ തന്നെയായിരുന്നു നേരത്തേ വി.ഡി. സതീശനെതിരേയും രംഗത്തുവന്നിരുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖ കേട്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. വീണ്ടും ശബ്ദരേഖയും വാട്സാപ് ചാറ്റും പുറത്ത് വന്ന വിഷയം പരിശോധിച്ച ശേഷം മറുപടി പറയാമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം ‌രാഹുലിനെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സംഭവമെന്നും കോണ്‍ഗ്രസ് മാതൃകാപരമായി പെരുമാറണമെന്നും മന്ത്രി വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് പ്രചരണത്തിനിറങ്ങിയാല്‍ വീട്ടമ്മമാര്‍ കുറ്റിച്ചൂല് കൊണ്ടായിരിക്കും സ്വീകരിക്കുകയെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍ പറഞ്ഞു. പീഡനത്തിന് പുതിയ രീതിയും വഴിയും കണ്ടെത്തിയ നേതാവാണ് രാഹുല്‍. കാഞ്ഞിരക്കുരുവില്‍ നിന്നും മധുരം പ്രതീക്ഷിക്കേണ്ടതില്ല. രാഹുലിനെ ഇറക്കിയാല്‍ യുഡിഎഫിന് കൈയിലുള്ള സീറ്റുകള്‍ കൂടി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവും. രാഹുലിനെ പാലക്കാട് തടയുമെന്ന് സിപിഎം നേതൃത്വം പറയുന്നത് കായികമായി നേരിടുക എന്ന അര്‍ഥത്തിലല്ലെന്നും ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: