തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖങ്ങള്‍ക്ക് നിര്‍ദേശം; പണമൊപ്പിക്കാന്‍ പാടുപെട്ട് സ്ഥാനാര്‍ഥികള്‍; രണ്ടുവട്ടവും ഭരണമില്ലാത്തതിന്റെ ഞെരുക്കത്തില്‍ കോണ്‍ഗ്രസും; നേതാക്കള്‍ ഫണ്ട് മുക്കിയാല്‍ ഇറങ്ങില്ലെന്നു മുന്നറിയിപ്പ്

തൃശൂര്‍: തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖ സ്ഥാനാര്‍ഥികള്‍ക്ക് മുകളില്‍ നിന്ന് നിര്‍ദേശം. മത്സരിക്കാന്‍ പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ടെന്നും പ്രചാരണത്തിനും മറ്റുമുള്ള ചെലവു സ്ഥാനാര്‍ഥി സ്വയം കണ്ടെത്തണമെന്നുമാണ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന അനൗദ്യോഗികമായ അറിയിപ്പ്. എങ്ങനെ ഫണ്ട് കണ്ടെത്തണമെന്നറിയാതെ പല പുതുമുഖ സ്ഥാനാര്‍ത്ഥികളും ബുദ്ധിമുട്ടുന്നുണ്ട്.
സ്‌ക്വാഡ്, ഫ്‌ളക്‌സുകള്‍, നോട്ടീസുകള്‍, വാഹനങ്ങളിലെ അറിയിപ്പ്, വീടു കയറുന്നവര്‍ക്കുള്ള ഭക്ഷണം എന്നിവയടക്കം ഭാരിച്ച ചെലവാണ് ഓരോ വാര്‍ഡിലേക്കും വരുന്നത്. നോമിനേഷന്‍ പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഇനി ചെലവുകള്‍ അനിയന്ത്രിതമാകും.
പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി നല്‍കുന്നത് ആയിരം അഭ്യര്‍ത്ഥന നോട്ടീസും എട്ട് ഫ്ളെക്സുമാണ് അവരവരുടെ ഡിവിഷനുകളിലേക്ക് നല്‍കുന്നത്. പല പുതുമുഖ സ്ഥാനാര്‍ത്ഥികളും ആവശ്യമായ ഫണ്ട് ഒപ്പിക്കാന്‍ പറ്റാതെ വിഷമിക്കുന്നുണ്ട്. പ്രചരണത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ അതാത് ഡിവിഷനുകളില്‍ ചുമതലയുള്ളവര്‍ പുതുമുഖങ്ങള്‍ക്കായി ഫണ്ടു കൂടി അന്വേഷിക്കേണ്ട സ്ഥിതിയിലാണ്.
പുതുമുഖ സ്ഥാനാര്‍ത്ഥികളെയാണ് ഫണ്ട് തന്ന് സഹായിക്കേണ്ടതെന്ന് സ്ഥാനാര്‍ത്ഥികളില്‍ പലരും പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് തുറന്നുപറഞ്ഞു. പരിചയസമ്പന്നരായ, മുന്‍കാലങ്ങളില്‍ മത്സരിച്ചിട്ടുള്ളവര്‍ക്ക് എങ്ങിനെ, എവിടെനിന്നു ഫണ്ട് കണ്ടെത്താമെന്നതിനെക്കുറിച്ച് അറിവും പരിചയവുമുണ്ടെന്നും എന്നാല്‍ തങ്ങള്‍ക്ക് അതെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും പല പുതുമുഖങ്ങളും തുറന്നുപറഞ്ഞു. എന്നാല്‍, ബിജെപിക്കു സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നരലക്ഷം വരെ നല്‍കുന്നുണ്ടെന്നു ചിലര്‍ പറഞ്ഞു.
അതേസമയം, കേരളത്തില്‍ തുടര്‍ച്ചയായി രണ്ടു ടേം ഭരണം നഷ്ടപ്പെട്ടതിന്റെ ആഘാതം ഫണ്ടു തേടി ചെല്ലുമ്പോള്‍ നേരിടേണ്ടി വരുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്. യുഡിഎഫും എല്‍ഡിഎഫും മാറിമാറി കേരളം ഭരിച്ചുകൊണ്ടിരുന്നപ്പോഴത്തെ സ്ഥിതിയല്ല ഇപ്പോഴുള്ളതെന്നും ഭരണത്തില്‍നിന്ന് പത്തുവര്‍ഷം വിട്ടുനിന്നതിന്റെ ക്ഷീണം വലുതാണെന്നും യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പണമില്ലാത്തതും കിട്ടിയ പണം പലരും മുക്കിയതും പ്രചാരണത്തെ കാര്യമായി ബാധിച്ചിരുന്നു.
രണ്ടു ടേം പൂര്‍ത്തിയാക്കിയതിനൊപ്പം ഭരണത്തുടര്‍ച്ചയും പ്രതീക്ഷിക്കുന്നതിനാല്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികള്‍ക്ക് പണം ലഭിക്കാന്‍ ബുദ്ധിമുട്ടില്ലെന്നാണു പറയുന്നത്. ഇത് സ്വാഭാവികം മാത്രമെന്ന് യുഡിഎഫും ബിജെപിയും സമ്മതിക്കുന്നു.






