
ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യന്‍ എ ടീം ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്ത്. ടൈയ്ക്കു ശേഷം സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറിലാണ് ജിതേഷ് ശര്‍മയെയും സംഘത്തെയും ബംഗ്ലാദശ് എ ടീം സ്തബ്ധരാക്കിയത്. സൂപ്പര്‍ ഓവറില്‍ വെറും ഒരു റണ്‍സാണ് ബംഗ്ലാദേശിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ടാമത്തെ ബോളില്‍ തന്നെ അവര്‍ മറികടക്കുകയും ചെയ്തു.
സൂപ്പര്‍ ഓവറിലെ ആദ്യ രണ്ടു ബോളില്‍ തന്നെ രണ്ടു വിക്കറ്റും വീണതോടെ പൂജ്യത്തിനു ഇന്ത്യയുടെ ഇന്നിങ്സും അവസാനിക്കുകയായിരുന്നു. മറുപടിയില്‍ ആദ്യ ബോളില്‍ ഇന്ത്യക്കു വിക്കറ്റ് ലഭിച്ചെങ്കിലും അടുത്ത ബോളില്‍ അവര്‍ വിജയവും കുറിച്ചു. പക്ഷെ അതു സുയാഷ് ശര്‍മയുടെ വൈഡിലുടെയായിരുന്നെന്നു മാത്രം.
195 റണ്‍സിന്റെ വലിയ വിജയക്ഷ്യമാണ് ഇന്ത്യക്കു ബംഗ്ലാദേശ് നല്‍കിയത്. ക്യാച്ചുകള്‍ കൈവിട്ടും ഫീല്‍ഡിങ് പിഴവുകളിലൂടെയും ബംഗ്ലാദേശിന്റെ സഹായം ഇന്ത്യക്കു ലഭിച്ചപ്പോള്‍ ടീം ആറു വിക്കറ്റിനു 194 റണ്‍സിലെത്തുകയും ചെയ്തു.
ഒരാള്‍ പോലും ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി കുറിച്ചില്ല. 44 റണ്‍സെടുത്ത ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയാണ് ടീമിന്റെ ടോപ്സ്കോറര്‍. 23 ബോളില്‍ നാലു ഫോറും മൂന്നു സികസും ഇന്നിങ്സിലുണ്ടായിരുന്നു.
വൈഭവ് സൂര്യവംശി വീണ്ടും നിരാശപ്പെടുത്തിയില്ല. 15 ബോളില്‍ നാലു സിക്സറും രണ്ടു ഫോറുമടക്കം 38 റണ്‍സ് നേടി താരം മടങ്ങി. ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ 33 റണ്‍സും നെഹാല്‍ വദേര പുറത്താവാതെ 32 റണ്‍സും സ്കോര്‍ ചെയ്തു.
നേരത്തേ ടോസ് നഷ്ടമായി ബാറ്റിങിനു അയക്കപ്പെട്ട ബംഗ്ലാദേശ് എ ടീം ആറു വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിയത്. ഓപ്പണര്‍ ഹബീബുര്‍ റഹ്മാന്റെ (65) മെഹറൂബിന്റെ (48*) തീപ്പൊരി ഫിനിഷിങുമാണ് ബംഗ്ലാദേശിനെ 200നു അടുത്തു വരെയെത്തിച്ച്. മറ്റാരും 30 റണ്‍സ് പോലും തികച്ചില്ല.
46 ബോളില്‍ അഞ്ചു സിക്സറും മൂന്നു ഫോറുമുള്‍പ്പെട്ടതാണ് ഹബീബുറിന്റെ ഇന്നിങ്സ്. എന്നാല്‍ ഇന്ത്യയെ ഞെട്ടിച്ചത് മെഹ്റൂബിന്റെ കടന്നാക്രമണമായിരുന്നു. വെറും 18 ബോളിലാണ് താരം 48ലെത്തിച്ചത്. ആറു സിക്സറും ഒരു ഫോറും ഇതിലുള്‍പ്പെടും. ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് ടോട്ടല്‍ 160-170 റണ്‍സിലെത്തുമായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
എന്നാല്‍ മെഹറൂബിന്റെ ഇടിവെട്ട് പ്രകടനം 194 വരെയെത്തിക്കുകയായിരുന്നു. 18 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ബംഗ്ലാദേശ് ആറു വിക്കറ്റിനു 144 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ അവസാനത്തെ രണ്ടോവറില്‍ കളി മാറി മറിയുകയായിരുന്നു. 50 റണ്‍സാണ് രണ്ടോവറില്‍ അവര്‍ വാരിക്കൂട്ടിയത്.
ഒരു വിക്കറ്റ് പോലും നഷ്ടമായതുമില്ല. നമാന്‍ ധിര്‍ എറിഞ്ഞ 19ാം ഓവര്‍ വന്‍ ദുരന്തമായി തീര്‍ന്നു. 28 റണ്‍സാണ് ഈ ഓവറില്‍ വാരിക്കോരി നല്‍കിയത്. നാലു സികസറും ഒരു ഫോറും ഇതിലുള്‍പ്പെടും. അവസാന ഓവര്‍ എറിയാനെത്തിയ വിജയ് കുമാര്‍ വൈശാഖിനെയും ബംഗ്ലാദേശ് ജോടികള്‍ പഞ്ഞിക്കിട്ടു. 22 റണ്‍സാണ് ഈ ഓവറില്‍ അവര്‍ നേടിയത്. രണ്ടു വീതം ഫോറും സിക്സറുമടക്കമാണിത്.
ഇന്ത്യന്‍ പ്ലെയിങ് 11
പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, നമന്‍ ധീര്‍, നെഹാല്‍ വദേര, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹര്‍ഷ് ദുബെ, അശുതോഷ് ശര്‍മ, രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, ഗുര്‍ജപ്നീത് സിംഗ്, സുയാഷ് ശര്‍മ.






