Breaking NewsIndiaLead NewsLIFEMovieNEWSNewsthen SpecialpoliticsSocial MediaTRENDING

‘വിശ്വാസികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ വിഷം ചീറ്റുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിരീശ്വരവാദി ആകുന്നതു കുറ്റകരമല്ല’; ഹനുമാന്‍ പരാമര്‍ശത്തില്‍ രാജമൗലിയെ പിന്തുണച്ച് രാംഗോപാല്‍ വര്‍മ; ‘ഗ്യാങ്‌സ്റ്റര്‍ സിനിമ നിര്‍മിക്കാന്‍ സംവിധായകന്‍ ഗ്യാങ്‌സ്റ്റര്‍ ആകണോ’?

മുംബൈ: ഹനുമാനില്‍ വിശ്വസിക്കുന്നില്ലെന്ന പരാമര്‍ശം വ്യാപക വിമര്‍ശനത്തിനിടയാക്കിയ പശ്ചാത്തലത്തില്‍ സംവിധായകന്‍ എസ്.എസ്. രാജമൗലിയെ പിന്തുണച്ച് രാംഗോപാല്‍ വര്‍മ. എക്സില്‍ പങ്കിട്ട ഒരു നീണ്ട കുറിപ്പില്‍, ഇന്ത്യയില്‍ നിരീശ്വരവാദിയാകുന്നത് ഒരു കുറ്റമല്ലെന്നായിരുന്നു വര്‍മയുടെ പ്രതികരണം.

മഹേഷ് ബാബു നായകനും പ്രിയങ്കാ ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലുമെത്തുന്ന ‘വാരാണസി’യുടെ ടൈറ്റില്‍ ലോഞ്ചിനിടെയാണ് രൗജമൗലി ‘ഞാന്‍ ഭഗവാന്‍ ഹനുമാനില്‍ വിശ്വസിക്കുന്നില്ല, ഹനുമാന്‍ എന്നെ നിരാശപ്പെടുത്തി’ എന്ന് തമാശരൂപേണയുള്ള പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയ വാനരസേന പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയതിന് രാജമൗലിക്കെതിരെ കേസെടുത്തു. തുടര്‍ന്നും സമൂഹമാധ്യമങ്ങളില്‍ രാജമൗലിക്കെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്ന സാഹചര്യത്തിലാണ് രാംഗോപാല്‍ വര്‍മ രംഗത്തെത്തിയത്.

Signature-ad

‘വിശ്വാസികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ വിഷം ചീറ്റുന്ന സാഹചര്യത്തില്‍, ഇന്ത്യയില്‍ നിരീശ്വരവാദിയാകുന്നത് ഒരു കുറ്റമല്ലെന്ന് അവര്‍ അറിയണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 വിശ്വസിക്കാതിരിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്നു. അതിനാല്‍, താന്‍ വിശ്വസിക്കുന്നില്ലെന്ന് പറയാന്‍ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ട് – വിഷം ചീറ്റുന്നവര്‍ക്ക് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പറയാനുള്ള അവകാശം പോലെ തന്നെ. ഇനി, ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, എന്തിനാണ് അദ്ദേഹം തന്റെ സിനിമകളില്‍ ദൈവത്തെ കാണിക്കുന്നത്?’ എന്ന മണ്ടന്‍ വാദത്തിലേക്ക് വരാം. ആ യുക്തി അനുസരിച്ച്, ഒരു ചലച്ചിത്രകാരന്‍ ഒരു ഗ്യാങ്സ്റ്റര്‍ സിനിമ നിര്‍മ്മിക്കാന്‍ ഒരു ഗ്യാങ്സ്റ്റര്‍ ആകണോ അതോ ഒരു ഹൊറര്‍ സിനിമ നിര്‍മ്മിക്കാന്‍ ഒരു പ്രേതമാകണോ?’ രാംഗോപാല്‍ വര്‍മ ചോദിച്ചു.

‘ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും, മിക്ക വിശ്വാസികള്‍ക്കും നൂറ് ജന്മങ്ങളില്‍ പോലും കാണാന്‍ കഴിയാത്തതിലും 100 മടങ്ങ് കൂടുതല്‍ വിജയവും സമ്പത്തും ആരാധനയും ദൈവം രാജമൗലിക്ക് നല്‍കി. ദൈവം വിശ്വാസികളേക്കാള്‍ നിരീശ്വരവാദികളെ സ്‌നേഹിക്കുന്നു. ദൈവത്തിന് അത് പ്രശ്‌നമല്ല, അല്ലെങ്കില്‍ ദൈവം ഒരു നോട്ട്പാഡുമായി ഇരുന്ന് ആരാണ് വിശ്വസിക്കുന്നത്, ആരാണ് വിശ്വസിക്കാത്തത് എന്നതിനെക്കുറിച്ച് കുറിപ്പുകള്‍ എടുക്കുന്നില്ല. വിശ്വാസികള്‍ ദൈവത്തിനായി പ്രതിരോധത്തിനിറങ്ങുന്നത് നിര്‍ത്തണമെന്നും അത് ദൈവത്തെ അപമാനിക്കുന്നത് പോലെയാണെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു. രാംഗോപാല്‍ വര്‍മയുടെ പരാമര്‍ശവും സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനത്തിന് കാരണമായി. വിശ്വാസികളുടെ വികാരം അദ്ദേഹം വ്രണപ്പെടുത്തിയെന്നായിരുന്നു ചിലരുടെ ആരോപണം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: