കുന്ദമംഗലം കാരശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസിന് ആകെ തലകറക്കം ; ഒരു സീറ്റില്‍ മത്സരിക്കുന്നത് അഞ്ച് വിമതര്‍ ; ഡിസിസി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി വലിയ അതൃപ്തി പുകയുന്ന കുന്ദമംഗലം കാരശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസിന് ഇതിനേക്കാള്‍ വലുതൊന്നും വരാനില്ല. യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി വി എന്‍ ശുഹൈബിനെതിരെ മത്സരരംഗത്ത് ഉള്ളത് അഞ്ച് പ്രമുഖ വിമതരാണ്. ഡിസിസി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ മത്സര രംഗത്ത് ഉണ്ട്. നേതാക്കള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ശുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ വലിയ വിമര്‍ശനമുണ്ട്.
ഡിസിസി മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ എം ടി അഷ്റഫ്, മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം സിറാജുദീന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിഷാല്‍, കാരശ്ശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അഷ്‌കര്‍ സര്‍ക്കാര്‍, ഷാനിബ് ചോണാട് എന്നിവരാണ് വിമതരായി മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്ന ദിശാല്‍ സ്വതന്ത്രനായി മത്സരിക്കാന്‍ നേരത്തേ പത്രിക സമര്‍പ്പിച്ചിരുന്നു.
നേരത്തേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പണമില്ലെങ്കില്‍ കോണ്‍ഗ്രസില്ല എന്ന വിമര്‍ശനം ഫേസ്ബുക്കില്‍ ഉയര്‍ത്തി ദിശാല്‍ രംഗത്ത് വന്നിരുന്നു. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന പ്രവര്‍ത്തകരെ അവഗണിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തൂവെള്ള വസ്ത്രമണിഞ്ഞെത്തുന്ന ക്വാറി ഉടമക്ക് അധികാരം പതിച്ചു നല്‍കിയെന്നായിരുന്നു ദിശാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കയ്യിലുള്ളത് കറന്‍സിയല്ലെന്നും പാര്‍ട്ടിയുടെ പതാകയാണെന്നും ദിശാല്‍ പറഞ്ഞിരുന്നു.






