Breaking NewsKeralaLead NewsLIFENEWSNewsthen SpecialTravel

ഇന്ത്യയിലെത്തിയാല്‍ കൊച്ചി കാണണം; ആംസ്റ്റര്‍ഡാമിലെ ബുക്കിംഗ് ഡോട്ട് കോമില്‍ തരംഗമായി അറബിക്കടലിന്റെ റാണി; യാത്രാ സൗകര്യങ്ങളും സാംസ്‌കാരിക പൈതൃകവും കാണാതെ പോകരുതെന്നും നിര്‍ദേശം

കൊച്ചി: ഇന്ത്യയിലെത്തിയാല്‍ കൊച്ചി കാണണമെന്ന് ബുക്കിങ് ഡോട്ട് കോം. ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുക്കിങ് ഡോട്ട് കോം. 2026ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ മികച്ച സ്ഥലങ്ങളുടെ പട്ടികയിലാണ് ഇന്ത്യയില്‍നിന്നുള്ള ഏക ഇടമായി ബുക്കിങ് ഡോട്ട് കോം കൊച്ചിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സവിശേഷമായ കാഴ്ചകള്‍കൊണ്ട് സഞ്ചാരികളുടെ മനം നിറയ്ക്കുന്ന തുറമുഖ നഗരത്തെ കൂടുതല്‍ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതാണ് ബുക്കിങ് ഡോട്ട് കോമിന്റെ ലിസ്റ്റിങ്. ‘അറബിക്കടലിന്റെ റാണി’യായ കൊച്ചിയുടെ സമ്പന്ന സാംസ്‌കാരിക പൈതൃകവും കായല്‍കടല്‍ക്കാഴ്ചകളും ചീനവലകളും ലോകമെമ്പാടുനിന്നും എത്തിച്ചേരാന്‍ കഴിയുന്ന മികച്ച യാത്രാസൗകര്യങ്ങളും കൊച്ചിയെ വ്യത്യസ്തമാക്കുന്നുവെന്ന് ബുക്കിങ് ഡോട്ട് കോം പറയുന്നു. വിനോദസഞ്ചാരപ്രധാനമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ കൊച്ചിക്കും ഇടം ലഭിച്ചതിനെ അഭിനന്ദിച്ച് സംസ്ഥാന ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു.

Signature-ad

കടലും കായലും ചേരുന്ന അഴിമുഖവും ചീനവലകളും ചെറുദ്വീപുകളും വൈവിധ്യങ്ങള്‍ സമ്മേളിക്കുന്ന തെരുവുകളുമൊക്കെയാണ് കൊച്ചിയിലെ പ്രധാന ആകര്‍ഷണങ്ങള്‍. പൈതൃകമുറങ്ങുന്ന ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ജൂത സിനഗോഗ്, ജൂതത്തെരുവ്, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, വാസ്‌കോ ഹൗസ്, വാസ്‌കോ ഡ ഗാമ സ്‌ക്വയര്‍ തുടങ്ങിയവ എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ചരിത്രസ്മാരകങ്ങളാണ്. ലോകമെന്പാടുമുള്ള സാംസ്‌കാരിക വൈവിധ്യങ്ങളുടെ സംഗമഭൂമി എന്ന ഖ്യാതിയും കൊച്ചിയുടെ പെരുമയാണ്.

കേരളത്തിന്റെ സ്വന്തം ജലമെട്രോ ഉള്‍പ്പെടെ മികച്ചതും അത്യാധുനികവുമായ യാത്രാസൗകര്യങ്ങളും ചെറുദ്വീപുകളെപ്പോലും ബന്ധിപ്പിക്കുന്ന കണക്ടിവിറ്റിയും കൊച്ചിയെയും പരിസരത്തെയും കൂടുതല്‍ സഞ്ചാരപ്രിയമാക്കുന്നു. ലോക സമകാല കലയുടെ സംഗമവേദിയായ കൊച്ചി -മുസിരിസ് ബിനാലെപോലുള്ള കലാ മാമാങ്കവും കൂടുതല്‍ വിദേശ, ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കുന്നതായി ബുക്കിങ് ഡോട്ട് കോം പറയുന്നു. നഗരത്തോടുചേര്‍ന്നുള്ള കടമക്കുടി ദ്വീപുകളെക്കുറിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര അടുത്തിടെ സമൂഹമാധ്യമ പേജില്‍ കുറിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: