Breaking NewsKeralaLead NewsNEWSNewsthen Specialpolitics

പുനസംഘടനയിലും തഴഞ്ഞു; നേതൃയോഗവും സമരവും ബഹിഷ്‌കരിച്ച് വി.ഡി. സതീശന്‍; രണ്ടു ദിവസത്തെ പരിപാടികളും റദ്ദാക്കി; മുണ്ടക്കൈ വീട് എന്തായെന്ന ചോദ്യത്തോടെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് സണ്ണി ജോസഫ്; വയനാട് ഫണ്ടിനെപ്പറ്റി സണ്ണി പറയുമെന്ന് മുരളീധരന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിലെ ഉള്‍പ്പോരും കനക്കുന്നെന്നു സൂചന. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ രണ്ടുദിവസത്തെ പരിപാടികള്‍ റദ്ദാക്കിയെന്ന് അറിയിപ്പു നല്‍കിയശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരവും ഭാരവാഹി യോഗവും ബഹിഷ്‌കരിച്ചെന്നു റിപ്പോര്‍ട്ട്. പുനസംഘടനാ പരാതികള്‍ പരിഹരിക്കാന്‍ നടത്തിയ പുതിയ നിയമനങ്ങളിലും തഴഞ്ഞതോടെയാണു കെപിസിസി ഭാരവാഹി യോഗം സതീശന്‍ ബഹിഷ്‌കരിച്ചത്. കന്റോണ്‍മെന്റ് ഹൗസിലുണ്ടായിരുന്ന അദ്ദേഹം രക്തസമ്മര്‍ദം കൂടിയതിനാല്‍ വിശ്രമിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

കെ സി വേണുഗോപാലിന്റെമാത്രം തീരുമാനം നടപ്പാക്കുന്നതിലാണ് സതീശന്റെ പ്രതിഷേധം. ഏറ്റവും ഒടുവില്‍ സതീശന്‍ നിര്‍ദേശം തള്ളി മൂന്ന് ജനറല്‍ സെക്രട്ടറിമാരെക്കൂടി എഐസിസി അംഗീകരിച്ചു. 20 പേരുടെ പട്ടിക പ്രതിപക്ഷ നേതാവ് നല്‍കിയതിനാല്‍ കെപിസിസി സെക്രട്ടറി നിയമനം തല്‍ക്കാലം വേണ്ടെന്നും തീരുമാനിച്ചു. ജനറല്‍ സെക്രട്ടറിമാരുടെ ആദ്യപട്ടിക പരിഗണിക്കുന്‌പോള്‍ കൂടുതല്‍പേരെ വേണമെന്ന നിലപാടിലായിരുന്നു സതീശന്‍. അതും നടക്കാതായതോടെ സംഘടനാതലത്തില്‍ കനത്ത തിരിച്ചടിയായി. പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന ഒരാളും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ല.

Signature-ad

മര്യാപുരം ശ്രീകുമാര്‍, അബ്ദുറഹ്‌മാന്‍കുട്ടി, സൂരജ് രവി എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. ഇവരെ ബുധനാഴ്ചത്തെ കെപിസിസി യോഗത്തില്‍ പങ്കെടുപ്പിക്കുകയുംചെയ്തു. സതീശന്‍ ആവശ്യപ്പെട്ട ചെന്പഴന്തി അനിലിനെ പരിഗണിച്ചില്ല. എന്‍ ശക്തനെ തല്‍ക്കാലം മാറ്റേണ്ടെന്ന് തീരുമാനിച്ചതോടെ അനില്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാകുമെന്ന പ്രതീക്ഷയും അസ്തമിച്ചു.

മര്യാപുരം ശ്രീകുമാര്‍ കെ. മുരളീധരന്റെ നോമിനിയാണ്. പന്തളത്തെ യുഡിഎഫ് സംഗമം ജാഥാക്യാപ്റ്റനായ മുരളീധരന്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് കെ.സി. വേണുഗോപാല്‍ കൊടുത്ത ഉറപ്പിലാണ് നിയമനം. കെ.പി. ധനപാലനെയും വെട്ടി. എ ഗ്രൂപ്പ് പട്ടികയിലുള്ളയാളാണ് അബ്ദുറഹ്‌മാന്‍കുട്ടി. വി.എം. സുധീരനൊപ്പമാണ് സൂരജ് രവി.

അതേസമയം, മുണ്ടക്കൈ ദുരിതബാധിതരുടെ വീടുകളുടെ നിര്‍മാണം എവിടെവരെയെത്തിയെന്ന ചോദ്യം വന്നതോടെ പുനസംഘടന സംബന്ധിച്ച വാര്‍ത്താ സമ്മേളനം നിര്‍ത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.. കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതിയുടെയും യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനമാണ് പെട്ടെന്ന് അവസാനിപ്പിച്ചത്.

സര്‍ക്കാരിനെതിരേ ശബരിമല ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ സമരത്തിന് ഇറങ്ങുമെന്നു വ്യക്തമാക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. വൃശ്ചികം ഒന്നിന് വാര്‍ഡുകളില്‍ ജ്യോതി തെളിയിക്കുമെന്നാണ് സണ്ണി ജോസഫ് അറിയിച്ചത്. ശബരിമലയില്‍ സര്‍ക്കാരിന് പ്രത്യേകം പങ്കില്ലെങ്കിലും അവിടുത്തെ കാര്യങ്ങളില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തെ സര്‍ക്കാറും ദേവസ്വം ബോര്‍ഡും സ്വാഗതംചെയ്തതാണ്. എന്നാല്‍, കോടതി അന്വേഷണത്തില്‍ തൃപ്തരാകാത്ത കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും പലവിധ അഭിപ്രായമായിരുന്നു. അതിനിടയിലാണ് പുതിയ സമരം കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്.

വയനാടിനുള്ള ഫണ്ടിന്റെയും സ്ഥലത്തിന്റെയും കാര്യം വയനാട്ടിലെ കമ്മിറ്റി പറയുമെന്നു പറഞ്ഞാണ് സണ്ണി ജോസഫ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍, വയനാട് ഫണ്ടിനെക്കുറിച്ച് കെപിസിസി പ്രസിഡന്റ് പറയുമെന്നാണ് കെ. മുരളീധരന്‍ പറഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: