റഫയിലെ ഹമാസ് തീവ്രവാദികള്‍ ഈജിപ്റ്റിന് ആയുധം കൈമാറിയാല്‍ മറ്റിടങ്ങളിലേക്ക് ഒഴിഞ്ഞു പോകാന്‍ അനുവദിക്കും; റഫയിലെ ആക്രമണം അവസാനിപ്പിക്കാന്‍ പദ്ധതിയുമായി മധ്യസ്ഥര്‍; വെടിനിര്‍ത്തല്‍ നടപ്പാക്കിയത് റഫയിലുള്ളവര്‍ അറിഞ്ഞിട്ടില്ലെന്ന വിചിത്ര ന്യായവുമായി ഹമാസ് ഉന്നതര്‍

കെയ്‌റോ: ഗാസയിയുടെ മറ്റിടങ്ങളിലേക്കു പോകാന്‍ അനുവദിക്കുന്നതിനു പകരമായി ഇസ്രയേല്‍ നിയന്ത്രിത റഫ മേഖലയിലെ ഹമാസ് തീവ്രവാദികള്‍ ആയുധം കൈമാറുമെന്നു ചര്‍ച്ചകള്‍ക്ക് ഇടനില വഹിക്കുന്നവര്‍. കഴിഞ്ഞ ഒക്‌ടോബര്‍ പത്തിനു യുഎസ് മധ്യസ്ഥതയില്‍ കരാര്‍ നടപ്പായതിനുശേഷം രണ്ടുവട്ടമെങ്കിലും റഫ മേഖലയില്‍ ഇസ്രയേലി സൈനികര്‍ക്കുനേരെ ഹമാസിന്റെ ആക്രമണമുണ്ടായി. ഇതിനു തിരിച്ചടിയെന്നോണം ഇസ്രയേല്‍ വന്‍തോതില്‍ വ്യോമാക്രമണവും നടത്തി.
സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈജിപ്റ്റിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘം റഫയിലെ ഹമാസ് തീവ്രവാദികള്‍ ആയുധം കൈമാറാനും അവരുടെ തുരംഗത്തിന്റെ വിവരങ്ങള്‍ കൈമാറാനും നിര്‍ദേശിച്ചത്. ഈജിപ്റ്റിന് ആയുധം നല്‍കുന്നതിനാണ് നിര്‍ദേശം. റഫയില്‍നിന്നു പിന്‍മാറിയാല്‍ അവരുടെ തുരംഗങ്ങള്‍ തകര്‍ക്കും.
എന്നാല്‍, ഇതേക്കുറിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. ഗാസയിലെ ഹമാസ് വക്താവായ ഹസീം ക്വാസിമും പ്രതികരിക്കാന്‍ വിസമ്മതിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം റഫയില്‍ വന്‍ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഹമാസിന്റെ വെടിയേറ്റ് മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്.
റഫായിലെ ഹമാസിന്റെ സായുധ വിഭാഗവുമായി ബന്ധം നഷ്ടപ്പെട്ടെന്നും ഇവര്‍ക്ക് വെടിനിര്‍ത്തല്‍ വന്നതിനെക്കുറിച്ച് അറിവുണ്ടായിരിക്കില്ലെന്നുമാണ് ഹമാസിന്റെ ഉയര്‍ന്ന രണ്ടു വൃത്തങ്ങളുടെ ന്യായീകരണം. ഇവര്‍ വെടിനിര്‍ത്തല്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ അപായപ്പെടുത്തുകയാണെന്നും ഇതിലൊരാള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, എത്ര ഹമാസ് തീവ്രവാദികളുണ്ടെന്ന വിവരം ഇവര്‍ വ്യക്തമാക്കിയിട്ടില്ല. ഗാസ കരാര്‍ നടപ്പാക്കുന്നതിനുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഭാഗമാണ് വെടിനിര്‍ത്തല്‍. ഒക്‌ടോബര്‍ ഏഴിനു ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനു പിന്നാലെയാണു ശക്തമായ ആക്രമണം ആരംഭിച്ചത്. 251 പേരെ ബന്ദികളാക്കുകയും 1200 പേരെ കൊലപ്പെടുത്തുകയും ചെയ്തു. നിരവധി സ്ത്രീകളെ മാനഭംഗത്തിന് ഇരയാക്കി. കുട്ടികളെയടക്കം തൊട്ടിലില്‍നിന്ന് എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
വെടിനിര്‍ത്തലിന്റെ ഭാഗമായി 2000 തടവുകാരെ ഇസ്രയേല്‍ വിട്ടയച്ചിട്ടുണ്ട്. ഗാസയുടെ പടിഞ്ഞാറന്‍ മേഖലയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറുകയും ചെയ്തിട്ടുണ്ട്.
ട്രംപിന്റെ പദ്ധതിയുടെ രണ്ടാംഘട്ടമായ ഹമാസിന്റെ നിരായുധീകരണവും കീഴടങ്ങലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതിനുള്ള പദ്ധതി അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സമിതി വിലയിരുത്തുമെന്നും മേല്‍നോട്ടം വഹിക്കുമെന്നുമാണ് പറഞ്ഞിട്ടുള്ളത്. രാജ്യാന്തര സൈന്യത്തെ വിന്യസിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.





