Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ചൈനയും ഇന്ത്യയും എണ്ണവാങ്ങല്‍ മരവിപ്പിച്ചതോടെ വന്‍ ഇളവുകളുമായി വീണ്ടും റഷ്യ; ബാരലിന് നാലു ഡോളര്‍ വീണ്ടും കുറച്ചു; യുഎസ് ഉപരോധത്തോടെ കടുത്ത പ്രതിസന്ധിയില്‍ റഷ്യന്‍ എണ്ണക്കമ്പനികള്‍; കെട്ടിക്കിടക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്

മോസ്‌കോ: ഇന്ത്യയും ചൈനയും എണ്ണ വാങ്ങുന്നതില്‍ കുറവു വരുത്തിയതിനു പിന്നാലെ എണ്ണവിലയില്‍ വന്‍ കുറവു പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ യുദ്ധമാരംഭിച്ചതിനുശേഷം വിലക്കുറവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നതെങ്കില്‍ ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ ഇറക്കുമതി കുറച്ചതോടെയാണ് വീണ്ടും വിലക്കുറവു നല്‍കുന്നത്.

ഡിസംബര്‍ ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കു ബാരലിന് രണ്ടുമുതല്‍ നാലു ഡോളറിന്റെവരെ കുറവാണു പ്രഖ്യാപിച്ചതെന്നു നാലു റഷ്യന്‍ ഓയില്‍ സപ്ലൈയര്‍മാരെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

റഷ്യയുടെ ബജറ്റിന്റെ നിര്‍ണായക ഭാഗം നിറയക്കുന്നത് എണ്ണ കയറ്റുമതിയില്‍നിന്നു ലഭിക്കുന്ന വരുമാനമാണ്. എന്നാല്‍, 2022ല്‍ ആദ്യ ഘട്ട ഉപരോധം വരുമ്പോഴും റഷ്യ വിലക്കുറവു പ്രഖ്യാപിച്ചിരുന്നു. അന്ന് ഉപരോധം ശക്തമായിരുന്നില്ല. എന്നാല്‍, റഷ്യയുടെ വമ്പന്‍ എണ്ണക്കമ്പനികളായ ലൂക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയെ ലക്ഷ്യമിട്ട് കടുത്ത ഉപരോധം പ്രഖ്യാപിച്ചതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നവംബര്‍ 21നുശേഷം ഈ കമ്പനികളുമായി വ്യാപാരം നടത്തരുതെന്നും യുഎസ് കര്‍ശന നിര്‍ദേശം നല്‍കി.

ഇതിന്റെ ഫലമെന്നോണം ഇന്ത്യന്‍ റിഫൈനറികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ്, എച്ച്പിസിഎല്‍ മിത്തല്‍ എനര്‍ജി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ എണ്ണ വാങ്ങിക്കുന്നതു തല്‍ക്കാലത്തേക്കു മരവിപ്പിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ 65 ശതമാനവും ഈ കമ്പനികളുടേതാണ്. ചൈനീസ് റിഫൈനറികളും റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ഇതോടെ റഷ്യന്‍ എണ്ണക്കമ്പനികളുടെ വലിയൊരു ഭാഗം പെട്രോളും വില്‍പനയില്ലാതെ കെട്ടിക്കിടക്കാന്‍ ഇടയാക്കും.

കഴിഞ്ഞ സെപ്റ്റംബറിലും ഒക്‌ടോബര്‍ 15 വരെയുള്ള ദിവസങ്ങളിലും ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങിക്കൂട്ടിയിരുന്നു. കഴിഞ്ഞ മാസം 25,597 കോടി രൂപയുടെ റഷ്യന്‍ എണ്ണയാണ് ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിക്കൂട്ടിയത്. ഇക്കാര്യത്തില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ.

ക്രൂഡ്ഓയിലിനു പുറമേ കല്‍ക്കരിയും റിഫൈന്‍ഡ് എണ്ണയും കഴിഞ്ഞ മാസം ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തു. ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നില്‍ റഷ്യന്‍ എണ്ണ വാങ്ങലില്‍ മൂന്നാംസ്ഥാനത്ത് തുര്‍ക്കിയാണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് തുര്‍ക്കിയുടെ എണ്ണ വാങ്ങലില്‍ 27 ശതമാനം കുറവുണ്ടായിട്ടുണ്ട്.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളെ അപേക്ഷിച്ച് ഒക്‌ടോബറില്‍ റഷ്യന്‍ എണ്ണയുടെ വരവ് കൂടി. ഒക്‌ടോബര്‍ 15 വരെ പ്രതിദിനം 18 ലക്ഷം ബാരലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജൂണില്‍ ഇത് പ്രതിദിനം 20 ലക്ഷം ലിറ്ററായിരുന്നു. ജൂലൈ-സെപ്റ്റംബര്‍ സമയത്ത് പ്രതിദിന വാങ്ങല്‍ 16 ലക്ഷം ബാരലായി കുറഞ്ഞിരുന്നു. ഇതാണ് വീണ്ടും കൂടിയത്. ഉത്തരേന്ത്യയില്‍ ഉത്സവകാലം ആരംഭിച്ചതും ജിഎസ്ടി കുറവിനെ തുടര്‍ന്ന് സാമ്പത്തികരംഗം കൂടുതല്‍ ചലനാത്മകമായതും രാജ്യത്ത് എണ്ണ ഉപഭോഗം വര്‍ധിപ്പിച്ചു. പുതിയ നിയന്ത്രണത്തോടെ ഇന്ത്യയിലെ എണ്ണവിലയില്‍ വ്യത്യാസമുണ്ടാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

Back to top button
error: