Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ട്രംപിന്റെ വിരട്ടലിനിടയിലും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാതെ ഇന്ത്യ; വാങ്ങിക്കൂട്ടിയത് 25,597 കോടിയുടെ എണ്ണ; ചൈനയ്ക്കു പിന്നില്‍ രണ്ടാമത്; പ്രതിദിനം 18 ലക്ഷം ബാരല്‍; ഇന്ത്യക്കു കൂടുതല്‍ ഇളവ്

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കാര്യമായ കുറവ് വരുത്താതെ ഇന്ത്യ. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനിടെയാണ് സെപ്റ്റംബറിലെയും ഈ മാസം 15 വരെയുമുള്ള കണക്കുകള്‍ പുറത്തുവന്നത്. കഴിഞ്ഞ മാസം 25,597 കോടി രൂപയുടെ റഷ്യന്‍ എണ്ണയാണ് ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിക്കൂട്ടിയത്. ഇക്കാര്യത്തില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ.

ക്രൂഡ്ഓയിലിനു പുറമേ കല്‍ക്കരിയും റിഫൈന്‍ഡ് എണ്ണയും കഴിഞ്ഞ മാസം ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തു. ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നില്‍ റഷ്യന്‍ എണ്ണ വാങ്ങലില്‍ മൂന്നാംസ്ഥാനത്ത് തുര്‍ക്കിയാണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് തുര്‍ക്കിയുടെ എണ്ണ വാങ്ങലില്‍ 27 ശതമാനം കുറവുണ്ടായിട്ടുണ്ട്.

Signature-ad

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളെ അപേക്ഷിച്ച് ഈ മാസം റഷ്യന്‍ എണ്ണയുടെ വരവ് കൂടിയിട്ടുണ്ട്. ഈ മാസം 15 വരെ പ്രതിദിനം 18 ലക്ഷം ബാരലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജൂണില്‍ ഇത് പ്രതിദിനം 20 ലക്ഷം ലിറ്ററായിരുന്നു. ജൂലൈ-സെപ്റ്റംബര്‍ സമയത്ത് പ്രതിദിന വാങ്ങല്‍ 16 ലക്ഷം ബാരലായി കുറഞ്ഞിരുന്നു. ഇതാണ് വീണ്ടും കൂടിയത്.

ഉത്തരേന്ത്യയില്‍ ഉത്സവകാലം ആരംഭിച്ചതും ജിഎസ്ടി കുറവിനെ തുടര്‍ന്ന് സാമ്പത്തികരംഗം കൂടുതല്‍ ചലനാത്മകമായതും രാജ്യത്ത് എണ്ണ ഉപഭോഗം വര്‍ധിപ്പിച്ചു. വരും മാസങ്ങളിലും കൂടിയ അളവില്‍ ഇന്ത്യ എണ്ണ വാങ്ങുമെന്നാണ് സൂചന. യുഎസ് ഉപരോധം കടുപ്പിച്ചതോടെ റഷ്യന്‍ എണ്ണ വാങ്ങിയിരുന്ന ചെറിയ രാജ്യങ്ങള്‍ നിലപാട് മാറ്റിയിരുന്നു. ഇതോടെ ഇന്ത്യക്ക് കൂടുതല്‍ ഡിസ്‌കൗണ്ട് നല്കാന്‍ റഷ്യ തയാറായി.

റഷ്യയ്ക്കു മേലുള്ള ആശ്രയത്വം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്കിയെന്ന് കഴിഞ്ഞദിവസം ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യ ഈ നിലപാട് തള്ളുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും അവകാശവാദവുമായി ട്രംപ് രംഗത്തെത്തി. യുക്രൈയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ട്രംപിന്റെ പരാമര്‍ശം. ഇന്ത്യ ഇനി റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് ട്രംപ് സെലന്‍സ്‌കിക്ക് ഉറപ്പ് നല്‍കി.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഹംഗറിയേയും അയര്‍ലാന്‍ഡിനെയും ട്രംപ് ന്യായീകരിച്ചുവെന്നതും ശ്രദ്ധേയമായി. ഹംഗറിയിലേക്ക് എണ്ണയെത്തിക്കാന്‍ ഒരൊറ്റ പൈപ്പ്ലെന്‍ മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. അയര്‍ലാന്‍ഡിന് കടല്‍ത്തീരമില്ലാത്തതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും എണ്ണ വാങ്ങുന്നതിന് പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ 50 ശതമാനം ഇറക്കുമതി ചുങ്കം യുഎസ് ഏര്‍പ്പെടുത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: