ദീപാവലി വ്യാപാരം: ആഭരണങ്ങളെ കടത്തിവെട്ടി സ്വര്‍ണ നാണയങ്ങളുടെയും ബിസ്‌കറ്റിന്റെയും കച്ചവടം; പണിക്കൂലി കുറച്ചിട്ടും തിരിച്ചടി; നിക്ഷേപ രീതികളില്‍ അടിമുടി മാറ്റം; ഓഹരി വിപണികളെക്കാള്‍ കുതിപ്പ്

മുംബൈ: സ്വര്‍ണവില പിടിവിട്ടു കുതിക്കാന്‍ തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ നാണയങ്ങളിലേക്കും ബിസ്‌കറ്റുകളിലേക്കും നിക്ഷേപം മാറ്റി ഇന്ത്യന്‍ ഉപഭോക്താക്കള്‍. സ്വര്‍ണത്തിന്റെ അടിസ്ഥാന വിലയ്‌ക്കൊപ്പം പണിക്കൂലികൂടി വരുന്നതോടെ പതിനായിരങ്ങളുടെ വ്യത്യാസമാണ് ഉണ്ടാകുന്നത്. പിന്നീടു വില്‍ക്കുമ്പോള്‍ പണിക്കൂലിയില്‍ കാര്യമായ കുറവുമുണ്ടാകും. നാണയങ്ങളുടെയും ബിസ്‌കറ്റുകളുടെയും കാര്യത്തില്‍ ഇതില്ല എന്നതാണ് ഇവ വാങ്ങുന്നതിലേക്കു നയിക്കുന്നത്.
സ്വര്‍ണത്തിന്റെ വില ഇനിയും മുന്നോട്ടു പോകുമെന്നാണ് കരുതുന്നത്. ദീപാവലിയോട് അനുബന്ധിച്ചു നടന്ന വില്‍പനയിലും നാണയങ്ങളും ബിസ്‌കറ്റുകളുമാണ് കൂടുതല്‍ വിറ്റഴിഞ്ഞത്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി 15 ശതമാനം വരെ വില്‍പനയില്‍ കുറവുണ്ടായി. എന്നാല്‍, വിലകൂടിയതിനാല്‍ ആകെ വില്‍പന മൂല്യത്തില്‍ കാര്യമായ കുറവുമുണ്ടായില്ല.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഭരണത്തില്‍ 30 ശതമാനം കുറവുണ്ടായെന്നു ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ രാജേഷ് രോക്‌ദെ പറഞ്ഞു. ഇതിനു പകരം നാണയങ്ങളും ബിസ്‌കറ്റുകളുമാണ് വീടുകളിലെ സേഫുകളിലേക്ക് എത്തുന്നത്.
ആകെ സ്വര്‍ണവിലയുടെ പത്തുമുതല്‍ 20 ശതമാനം വരെയാണ് പണിക്കൂലിയായി നിലവില്‍ നല്‍കുന്നത്. ഇത് നാണയങ്ങള്‍ വാങ്ങുന്നതിനെ അപേക്ഷിച്ചു നഷ്ടമാണ്. 10 ഗ്രാം സ്വര്‍ണത്തിന് 132,294 രൂപയിലെത്തിയശേഷം 127,008 രൂപയ്ക്കാണു വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനയാണിത്. ഈ സമയം ഇന്ത്യന്‍ ഓഹരി വിപണിയിലെ നിഫ്റ്റി നിരക്കില്‍ 5 ശതമാനമാണ് വര്‍ധനയെന്നതും കൗതുകകരമാണ്.
സ്വര്‍ണവില കുതിച്ചതിനു പിന്നലെ ഉപഭോക്താക്കള്‍ പിന്തിരിയാതിരിക്കാന്‍ പണിക്കൂലിയില്‍ കാര്യമായ കുറവു വരുത്തിയിട്ടുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഇന്ത്യന്‍ വിഭാഗത്തിന്റെ സിഇഒ സച്ചിന്‍ ജെയ്ന്‍ പറഞ്ഞു. വെള്ളി നാണയങ്ങളുടെയും ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്.
സ്വര്‍ണ വില വലിയ തോതില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ സ്വർണത്തിൽ നിക്ഷേപിക്കുന്നത് മികച്ച സാമ്പത്തിക സുരക്ഷിതത്വമായാണ് പലരും കാണുന്നത്. എന്നാല്‍ സ്വർണം നേരിട്ട് വാങ്ങുന്നതിനേക്കാൾ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (Gold ETFs) ഫണ്ട് ഓഫ് ഫണ്ടുകളും (Gold FoFs) ഇന്ന് നിക്ഷേപകർക്ക് കൂടുതൽ മികച്ചതും ബുദ്ധിപരവുമായ മാർഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഗോൾഡ് ഇടിഎഫുകൾ (ETFs) എന്നത് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഡിജിറ്റൽ സ്വർണ യൂണിറ്റുകളാണ്. ഈ യൂണിറ്റുകൾ 99.5 ശതമാനം പരിശുദ്ധിയുള്ള ഭൗതിക സ്വർണത്തിന്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. ഒരു ഡിമാറ്റ് അക്കൗണ്ട് വഴി ഓഹരികൾ വാങ്ങുന്നതുപോലെ തന്നെ ഇവയും വാങ്ങാനും വിൽക്കാനും സാധിക്കും. ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളെയാണ് ഗോൾഡ് എഫ്ഒഎഫുകൾ (FoFs)എന്നു പറയുന്നത്.
മികച്ചതാകാനുള്ള കാരണങ്ങൾ
ഉയർന്ന സുരക്ഷിതത്വം, കുറഞ്ഞ ചെലവ്: സ്വർണം നേരിട്ട് വാങ്ങുമ്പോൾ ഉണ്ടാകുന്ന പണിക്കൂലി (Making Charges), ജിഎസ്‌ടി (GST), സംഭരണച്ചിലവ് (Storage Cost) എന്നിവ ഗോൾഡ് ഇടിഎഫുകൾക്കോ എഫ്ഒഎഫുകൾക്കോ ബാധകമല്ല. കൂടാതെ, ഭൗതിക സ്വർണം മോഷ്ടിക്കപ്പെടാനുള്ള സാധ്യതയും ഇല്ല.
പണലഭ്യത (Liquidity): ഓഹരി വിപണിയിൽ എപ്പോൾ വേണമെങ്കിലും കുറഞ്ഞ യൂണിറ്റുകൾ പോലും എളുപ്പത്തിൽ വിറ്റ് പണമാക്കാൻ ഇവ സഹായിക്കുന്നു.
കുറഞ്ഞ അളവിൽ നിക്ഷേപിക്കാം: ഒരു ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ യൂണിറ്റുകൾ മുതൽ നിക്ഷേപം ആരംഭിക്കാം. ഇതിന് സ്വർണ ബിസ്ക്കറ്റുകളോ നാണയങ്ങളോ വാങ്ങാനുള്ളത്ര വലിയ തുക ആവശ്യമില്ല.






