വെടിനിര്‍ത്തല്‍ ലംഘനത്തിനു പിന്നാലെ ദോഹയില്‍ വീണ്ടും പാക്- താലിബാന്‍ സമാധാന ചര്‍ച്ച; പാകിസ്താന്‍ ഐഎസ് ഭീകരര്‍ക്ക് താവളമൊരുക്കുന്നു എന്നു താലിബാന്‍; അതിര്‍ത്തി കടന്ന തീവ്രവാദം അവസാനിപ്പിക്കണമെന്ന പാകിസ്താന്‍; ഇന്ത്യയെയും അനാവശ്യമായി പഴിച്ച് പാക് ആഭ്യന്തര മന്ത്രി

ഇസ്ലാമാബാദ്: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു പാകിസ്താന്‍ ആക്രമണം നടത്തിയതിനു പിന്നാലെ വീണ്ടും ദോഹയില്‍ സമാധാന ചര്‍ച്ച. ഒരാഴ്ചയോളം നീണ്ട അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നാലെയാണു വീണ്ടും സമാധാന ചര്‍ച്ചകളെന്ന് ഇരു ഭാഗത്തുനിന്നുമുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതുവരെയുള്ള ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ആളുകളാണു കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ക്കു പരിക്കേറ്റു. 2021ല്‍ താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് നടന്നത്. നേരത്തേ നടത്തിയ ചര്‍ച്ചകള്‍ അനുസരിച്ചു ദോഹയില്‍ ചര്‍ച്ച നടക്കുമെന്നും അഫ്ഗാനിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പങ്കെടുക്കുമെന്നു സര്‍ക്കാര്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.
പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പങ്കെടുക്കും. പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയാകും നടക്കുകയെന്നും പാക് വൃത്തങ്ങള്‍ പറഞ്ഞു. എത്രസമയം ചര്‍ച്ച നടക്കുമെന്നും ശനിയാഴ്ചത്തെ ചര്‍ച്ച മാറ്റുമോയെന്ന് വ്യക്തമല്ലെന്നും പാക് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.
നേരത്തേ, 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്താനും അഫ്ഗാനിസ്താനും പരസ്പരം സമ്മതിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഡ്യൂറന്‍ഡ് ലൈനിനോട് ചേര്‍ന്നുള്ള പക്തിക പ്രവിശ്യയില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത്. അര്‍ഗൂന്‍, ബെര്‍മല്‍ ജില്ലകളിലെ നിരവധി വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് അഫ്ഗാന്‍ മാധ്യമമായ ടോളോന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആളപായം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇരുഭാഗത്തിലുമായി ഒരു ഡസനിലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന്, ബുധനാഴ്ചയാണ് വെടിനിര്‍ത്തലിന് പാകിസ്താനും അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവും വെടിനിര്‍ത്തലിന് ധാരണയിലെത്തിയത്. ഈ ധാരണയാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 11 മുതല്‍ തുടങ്ങിയ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷത്തില്‍ ഇരുവശത്തും നിരവധി പേരാണ് കൊല്ലപ്പെട്ടത്. 58 പാക് സൈനികരെ വധിച്ചതായി താലിബാന്‍ അവകാശപ്പെടുമ്പോള്‍, തങ്ങള്‍ക്ക് 23 സൈനികരെ നഷ്ടപ്പെട്ടുവെന്നും എന്നാല്‍ 200-ലധികം ‘താലിബാന്‍ അനുബന്ധ ഭീകരരെ’ വധിച്ചതായും പാകിസ്താന്‍ സൈന്യം പറയുന്നു.
ഇതിനിടെ, പാകിസ്താനിലെ മിര്‍ അലിയിലെ സൈനിക ക്യാമ്പിന് നേരെ ചാവേര്‍ ആക്രമണമുണ്ടായി. സൈനിക ക്യാമ്പിന്റെ മതിലിലേക്ക് ഒരു തീവ്രവാദി സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഭീകരവാദികള്‍ ക്യാമ്പിലേക്ക് കടന്നുകയറി ആക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തില്‍ ഏഴ് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ ഭീകരവാദികളെ പാക് സൈന്യം വെടിവെച്ച് കൊന്നു.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടിടിപി) എന്ന പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ ഖാലിദ് ബിന്‍ വലീദ് ചാവേര്‍ യൂണിറ്റും തെഹ്രീകെ താലിബാന്‍ ഗുല്‍ബഹാദറും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ഇവര്‍ അറിയിച്ചത്. ഈ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്താന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതെന്നാണ് വിവരം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കടുത്തതിനിടെ പാകിസ്താനിലുള്ള എല്ലാ അഫ്ഗാന്‍ പൗരന്മാരും തിരികെ പോകണമെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിസ്താനുമായുള്ള സൗഹൃദബന്ധത്തിന്റെ കാലം കഴിഞ്ഞെന്നും രണ്ടരക്കോടിയോളം വരുന്ന പാക് ജനതയ്ക്കുള്ള വിഭവങ്ങള്‍ മാത്രമേ ഈ രാജ്യത്തുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുന്‍കാലങ്ങളിലെപ്പോലെ കാബൂളുമായി ബന്ധം തുടരാന്‍ പാകിസ്താന് ഇനി സാധ്യമല്ല. വര്‍ഷങ്ങളായി ഇസ്ലാമാബാദ് ക്ഷമ പാലിച്ചെങ്കിലും അഫ്ഗാനിസ്താനില്‍നിന്ന് അനുകൂലമായ പ്രതികരണമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവര്‍ത്തിച്ചുള്ള അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങളുടെ പേരില്‍ 836 പ്രതിഷേധക്കുറിപ്പുകളും 13 ഡിമാര്‍ഷുകളും (നയതന്ത്ര പ്രതിഷേധം) അഫ്ഗാന്‍ അധികൃതര്‍ക്ക് അയച്ചതായി മന്ത്രി വെളിപ്പെടുത്തി.
ഇനി പ്രതിഷേധക്കുറിപ്പുകളോ സമാധാനത്തിനായുള്ള അഭ്യര്‍ത്ഥനകളോ ഉണ്ടാകില്ല. പ്രതിനിധി സംഘങ്ങളൊന്നും കാബൂളിലേക്ക് പോകില്ല. ‘ഭീകരവാദത്തിന്റെ ഉറവിടം എവിടെയാണെങ്കിലും, അതിന് വലിയ വില നല്‍കേണ്ടിവരും- അദ്ദേഹം പറഞ്ഞു. കാബൂളിലെ താലിബാന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ ‘പ്രോക്സി’യായി പ്രവര്‍ത്തിക്കുകയാണെന്നും ന്യൂഡല്‍ഹിയുമായും നിരോധിത സംഘടനയായ തെഹ്രീകെ താലിബാന്‍ പാകിസ്ഥാനുമായും (ടിടിപി) ചേര്‍ന്ന് പാകിസ്താനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ആസിഫ് ആരോപിച്ചു.
നിലവില്‍ ഇരു രാജ്യങ്ങളുടെയും 2600 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തിയിലാണ് പലഘട്ടങ്ങളിലായി ആക്രമണം നടന്നത്. പാകിസ്താന്‍ സൈന്യം തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഐസ് ഭീകരരെ പാകിസ്താന്‍ ഉപയോഗിക്കുകയാണെന്നുമാണ് താലിബാന്റെ ആരോപണം.






