ഗാസയിലെ കൈമാറ്റങ്ങളില്‍ മൃതദേഹങ്ങള്‍ മാറിപ്പോകുന്നു ; ഹമാസ് കഴിഞ്ഞ ദിവസം രാത്രി കൈമാറിയ ഒരെണ്ണം ബന്ദികളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇസ്രായേല്‍

ജറുസലേം: അതിനിടയില്‍ ഹമാസ് കഴിഞ്ഞ ദിവസം രാത്രി കൈമാറിയ മൃതദേഹങ്ങളിലൊന്ന് ‘ബന്ദികളുമായി പൊരുത്തപ്പെടുന്നില്ല’ എന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു. തിരിച്ചേല്‍പ്പിച്ച മൃതദേഹം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് മെഡിസിനില്‍ പരിശോധിച്ച ശേഷമാണ് ഇസ്രായേല്‍ ഈ അവകാശവാദം ഉന്നയിച്ചത്.
മരണപ്പെട്ട ബന്ദികളെ തിരിച്ചേല്‍പ്പിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഇസ്രായേല്‍ ഹമാസിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖില്‍ വെച്ച് ഒപ്പുവെച്ച ഗാസ സമാധാന കരാറിന് ഡൊണാള്‍ഡ് ട്രംപും മറ്റ് അംഗങ്ങളും ചേര്‍ന്ന് മധ്യസ്ഥത വഹിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസം.
അതിനുമുമ്പ്, 2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തിന് ശേഷം, ഹമാസ് 20 ഇസ്രായേലി ബന്ദികളെയും വിട്ടയച്ചിരുന്നു. ഹമാസ് ബന്ദികളെ വിട്ടയക്കുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിലായിരുന്നു. പിന്നീട് അദ്ദേഹം അവിടുത്തെ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുകയും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു.
ഇതിനിടെ, തിരിച്ചറിയാത്ത നിലയില്‍ ഇസ്രായേല്‍ റെഡ് ക്രോസിന് കൈമാറിയ 45 പലസ്തീനികളുടെ മൃതദേഹങ്ങള്‍ ഗാസയിലെ ഫോറന്‍സിക് വിദഗ്ധര്‍ ബുധനാഴ്ച തിരിച്ചറിയാന്‍ തുടങ്ങി. ഈ മൃതദേഹങ്ങള്‍ ഇസ്രായേലി ജയിലുകളില്‍ മരിച്ചവരുടേതാണോ അതോ ഇസ്രായേലി സൈന്യം ഗാസയില്‍ നിന്ന് കൊണ്ടുപോയതാണോ എന്നത് വ്യക്തമല്ല.






