സ്വര്‍ണക്കൊള്ളയില്‍ വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരിബാബുവിന് പിന്നാലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍കുമാറിനും പണികിട്ടി

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരിബാബുവിന് പിന്നാലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു.
ഗുരുതര വീഴ്ചയുണ്ടായെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദ്വാര പാലക ശില്പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പുതകിടുകളാണ് എന്ന് അറിയാമായിരുന്നി ട്ടും വെറും ചെമ്പ് തകിടുകള്‍ എന്നെഴുതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തു വിടാന്‍ വേണ്ടി തെറ്റായി തയ്യാറാക്കിയ മഹ്സറില്‍ സാക്ഷിയായി ഒപ്പുവെച്ചെന്നാണ് കണ്ടെത്തല്‍.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്തെത്തി. ഔദ്യോ ഗിക അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് നീക്കം. വിജിലന്‍സിന്റെ കണ്ടെത്തലില്‍ എട്ട് ഉദ്യോഗസ്ഥരാണ് പ്രതിപട്ടികയില്‍ ഉള്ളത്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവും കെ സുനില്‍ കുമാറും നിലവില്‍ സര്‍വീസിലുള്ളവരാണ്.
മുരാരി ബാബുവിനെതിരെ നേരത്തെ തന്നെ ബോര്‍ഡ് നടപടി എടുക്കുകയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി കോടതിയുടെ ഉത്തരവ് അനുസരിച്ച് സ്വീകരിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് എസ് പി അടക്കമുള്ള ഉദ്യോഗസ്ഥരെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരേയും അന്വേഷണ സംഘം കാണും.






