തീവ്രവാദത്തിന് പുരുഷന്മാര് മാത്രം പോര…ജയ്ഷ്-ഇ-മുഹമ്മദ് സ്ത്രീകളുടെ ഭീകരസംഘടന ഉണ്ടാക്കുന്നു ; ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യ കൊടുത്ത കനത്ത പ്രഹരം മാറ്റി ചിന്തിപ്പിച്ചു

ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ആസ്ഥാനമായ മര്‍ക്കസ് സുബ്ഹാനല്ല തകര്‍ത്ത് ഇന്ത്യ ശക്തമായി മറുപടി നല്‍കിയതിന് പിന്നാലെ ജയ്ഷ്-ഇ-മുഹമ്മദ് സ്ത്രീകളുടെ ഭീകര സംഘടന ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദി ഗ്രൂപ്പ് ആദ്യത്തെ വനിതാ യൂണിറ്റ് ‘ജമാഅത്ത്-ഉല്-മോമിനാത്ത്’ എന്ന പേരില്‍ രൂപീകരിച്ചതായി അവര്‍ പ്രഖ്യാപിച്ചു.
തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരിലുള്ള ഒരു കത്തിലൂടെയാണ് തീരുമാനം പരസ്യമാക്കിയത്. യൂണിറ്റിലേക്കുള്ള റിക്രൂട്ട്മെന്റ് ഒക്ടോബര്‍ 8 ന് ബഹാവല്‍പൂരില്‍ ആരംഭിച്ചു. വനിതാ വിഭാഗത്തെ നയിക്കുന്നത് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍ ആയിരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി മെയ് 7 ന് നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട അസ്ഹറിന്റെ കുടുംബാംഗങ്ങളില്‍ സാദിയയുടെ ഭര്‍ത്താവ് യൂസഫ് അസ്ഹറും ഉള്‍പ്പെട്ടിരുന്നു.
സംഘടനയിലെ അംഗങ്ങളുടെ ഭാര്യമാരെയും, ബഹാവല്‍പൂര്‍, കറാച്ചി, മുസഫറാബാദ്, കോട്ലി, ഹരിപൂര്‍, മന്‍സേര എന്നിവിടങ്ങളിലെ തങ്ങളുടെ കേന്ദ്രങ്ങളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകളെയും ഭീകരസംഘടന റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയതായി വൃത്തങ്ങള്‍ പറയുന്നു. വനിതാ യൂണിറ്റ് മാനസിക യുദ്ധം നടത്തുക, അതായത് പ്രചാരണ പ്രവര്‍ത്തനങ്ങളും താഴെത്തലത്തിലുള്ള റിക്രൂട്ട്മെന്റും ലക്ഷ്യമിടുന്നു. ‘ജമാഅത്ത്-ഉല്-മോമിനാത്തിന്റെ’ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയ, വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍, ചില മദ്രസകളുടെ ശൃംഖല എന്നിവയിലൂടെ വ്യാപിക്കുന്നതായി വൃത്തങ്ങള്‍ പറയുന്നു.
ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, ദക്ഷിണേന്ത്യയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ഓണ്‍ലൈന്‍ ശൃംഖലകളിലൂടെ ഇത് സജീവമായിട്ടുണ്ട്. സാധാരണഗതിയില്‍ സായുധ ജിഹാദിലോ പോരാട്ട ദൗത്യങ്ങളിലോ സ്ത്രീകള്‍ പങ്കെടുക്കുന്നതില്‍ സംഘടന നേരമത്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതാണ്. എന്നാല്‍ ഇന്ത്യ കൊടുത്ത കനത്തപ്രഹരമാണ് തീവ്രവാദ സംഘടനയെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. മസൂദ് അസ്ഹറും സഹോദരന് തല്‍ഹ അല്‍-സൈഫും സംയുക്തമായാണ് ഭീകരസംഘടനയുടെ പ്രവര്‍ത്തന ചട്ടക്കൂടിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
ഇത് ഈ പ്രത്യേക വനിതാ ബ്രിഗേഡിന്റെ സ്ഥാപനത്തിലേക്ക് നയിച്ചതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഐഎസ്ഐഎസ്, ബോക്കോ ഹറാം, ഹമാസ്, എല്‍ടിടിഇ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് സ്ത്രീകളെ ചാവേറുകളായി ഉപയോഗിച്ച ചരിത്രമുണ്ടെങ്കിലും, ജെയ്ഷ് ഇ മുഹമ്മദ്, ലഷ്കര്‍-ഇ-തൊയ്ബ , ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകള്‍ പൊതുവെ ഇത് ഒഴിവാക്കുകയായിരുന്നു.





