Breaking NewsKeralaLead Newspolitics

സുരേഷ്‌ഗോപി സ്വന്തമായി പരിപാടികള്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നു ; കേന്ദ്രമന്ത്രിയുടെ നീക്കത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി; പ്രശ്‌ന പരിഹാരത്തിന് അദ്ധ്യക്ഷന്‍ എത്തും

തിരുവനന്തപുരം: എയിംസ് വലിയ ചര്‍ച്ചയായി മാറിയതോടെ സുരേഷ്‌ഗോപിയും ബിജെപി സംസ്ഥാന നേതൃത്വവും തമ്മില്‍ ഭിന്നത മറനീക്കി പുറത്തുവരുന്നു. ആലപ്പുഴയില്‍ തന്നെ എയിംസ് വേണമെന്ന് സുരേഷ്‌ഗോപി കടുംപിടുത്തം നടത്തുന്നതോടെ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാനായി ആരോഗ്യമന്ത്രി ജെപി നദ്ദ ഉടന്‍ കേരളത്തിലെത്തും.

പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എയിംസ് ആലപ്പുഴയില്‍ വേണമെന്ന് നിലപാട് സുരേഷ്‌ഗോപി നടത്തിയത്. പല കാര്യങ്ങളിലും സുരേഷ്‌ഗോപി തനിയെ തീരുമാനം എടുക്കുന്നതില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിയുമായി ചര്‍ച്ച നടത്താതെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കലുങ്ക് ചര്‍ച്ച നടത്തി വികസനപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. അതിനിടയിലാണ് താരം എയിംസ് ആലപ്പുഴയില്‍ വേണമെന്നും പറഞ്ഞിരിക്കുന്നത്.

Signature-ad

ബിജെപി സംസ്ഥാന നേതൃത്വത്തിന് തൃശൂരോ പാറശ്ശാലയിലോ എയിംസ് കൊണ്ടുവരണമെന്നാണ് താല്‍പ്പര്യം. ആലപ്പുഴയില്‍ തന്നെ വേണമെന്നത് സുരേഷ് ഗോപിയുടെ മാത്രം അഭിപ്രായ പ്രകടനമാണെന്നാണ് ബി ജെ പിയുടെ ആരോപണം. ആലപ്പുഴ പിന്നോക്ക അവസ്ഥയിലാണന്നും, രാഷ്ട്രീയ കാരണങ്ങളാല്‍ ആലപ്പുഴയില്‍ എയിംസ് വേണ്ടെന്നു വെച്ചാല്‍ തൃശൂരില്‍ സ്ഥാപിക്കും എന്നും ആയിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം കോഴിക്കോട് ജില്ലാ കമ്മിറ്റിയും കാസര്‍ഗോഡ് ജില്ലാ നേതൃത്വവും കേന്ദ്രമന്ത്രിയുടെ നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു.

കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നോക്കാവസ്ഥയിലുള്ള കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് അനുവദിക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയുടെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്ന് കേരളത്തില്‍ എയിംസ് അനുവദിക്കുമെന്നായിരുന്നു. എന്നാല്‍ കേരളത്തില്‍ എയിംസ് എത്തിക്കാന്‍ സുരേഷ് ഗോപിക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ കേന്ദ്രബജറ്റില്‍ കേരളത്തിന് പ്രത്യേകിച്ച് ഒരു കേന്ദ്ര പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെ സുരേഷ് ഗോപി പ്രതിരോധത്തിലായി. എയിംസിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കാതിരുന്നതിനാലാണ് കേന്ദ്രം എയിംസ് അനുവദിക്കാതിരുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ ന്യായീകരണം. എന്നാല്‍ കോഴിക്കോട് കിനാലൂരില്‍ 150 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ എയിംസിനായി ഏറ്റെടുത്തിട്ടുണ്ട്. മൊത്തം വേണ്ടത് 200 ഏക്കര്‍ സ്ഥലമാണ്. ഇതിനിടയിലാണ് കോഴിക്കോടിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് സുരേഷ് ഗോപി ആലപ്പുഴയ്ക്കായി രംഗത്തെത്തിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: