സര്‍ക്കാരുമായി ‘പോട്ടി’, യോഗേഷ് ഗുപ്തയെ അഗ്‌നിരക്ഷാ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി; നിധിന്‍ അഗര്‍വാളിന് ചുമതല; ‘മെസേജ്’ ഫെയിം എ.ഐ.ജിക്കും സ്ഥാനചലനം

തിരുവനന്തപുരം: സര്‍ക്കാരിന് അനഭിമതനായ ഡിജിപി യോഗേഷ് ഗുപ്തയെ അഗ്‌നിരക്ഷാ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കേയാണ് അഗ്‌നിരക്ഷാസേനയില്‍നിന്നു മാറ്റിയത്. റോഡ് സുരക്ഷാ കമ്മിഷണറായാണ് പുതിയ നിമയനം. നിലവിലെ റോഡ് സുരക്ഷാ കമ്മിഷണര്‍ നിധിന്‍ അഗര്‍വാളിനെ അഗ്‌നിരക്ഷാവിഭാഗം ഡയറക്ടര്‍ ജനറലുമാക്കി.
വനിതാ എസ്‌ഐമാര്‍ക്ക് മോശം സന്ദേശങ്ങളയച്ചുവെന്നതിന് പോലീസ് ഇന്റേണല്‍ കമ്മിറ്റിയുടെ അന്വേഷണം നേരിടുന്ന എസ്പി വി.ജി.വിനോദ് കുമാറിനെ ക്രമസമാധാന വിഭാഗത്തിലെ എഐജി സ്ഥാനത്തുനിന്നു മാറ്റി.
ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ്പിയായിട്ടാണ് വിനോദ് കുമാറിന്റെ നിയമനം. ആ സ്ഥാനത്തുണ്ടായിരുന്ന എസ്.സുജിത് ദാസിനെ എഐജി പ്രൊക്യുര്‍മെന്റിന്റെ ഒഴിവിലേക്കു നിയമിച്ചു. എക്‌സൈസ് ഭരണവിഭാഗം അഡീഷണല്‍ കമ്മിഷണറായിരുന്ന കെ.എസ്.ഗോപകുമാറാണ് ക്രമസമാധാനവിഭാഗത്തിലെ പുതിയ എഐജി. വിജിലന്‍സ് എസ്‌ഐയു ഒന്ന് എസ്പി കെ.എല്‍.ജോണ്‍കുട്ടിയെ എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയാക്കി. തിരുവനനന്തപുരം ഡിസിപി-2 നകുല്‍ രാജേന്ദ്ര ദേശ്മുഖിനെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറായും നിയമിച്ചു.






