Breaking NewsKeralapolitics

തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ലക്ഷ്യം വെച്ച് ബിജെപി ; എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായം ; ക്രൈസ്തവ നയതന്ത്രം ഓവറാകുന്നെന്ന് വിമര്‍ശനം

തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ലക്ഷ്യം വെച്ച് ബിജെപി. കൂടുതല്‍ നഗരസഭകളും കോര്‍പ്പറേഷനുകളും പിടിച്ചെടുക്കുകയാണ് ലക്ഷ്യം. നിലവില്‍ കയ്യിലുള്ളവ നിലനിര്‍ത്തുന്നതിനൊപ്പം രണ്ടാം സ്ഥാനത്തുള്ളവയിലും ഭരണം പിടിക്കാനാണ് ആലോചന. വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, കൊടുങ്ങല്ലൂര്‍, കുന്നംകുളം നഗരസഭകള്‍ എങ്ങിനെയും പിടിക്കാനാണ് ലക്ഷ്യം. ഇതിനൊപ്പം നിലവില്‍ കയ്യിലുള്ള പാലക്കാട്, പന്തളം നഗരസഭകള്‍ നഷ്ടപ്പെടാതെ നോക്കുകയും ചെയ്യണം.

നിര്‍ബന്ധമായും പിടിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന കോര്‍പ്പറേഷനുകള്‍ തിരുവനന്തപുരവും തൃശൂരുമാണ്. തിരുവനന്തപുരം,തൃശൂര്‍ കോര്‍പ്പറേഷനുകള്‍ കിട്ടിയില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന സ്ഥിതി വരുമെന്നും ബിജെപിയുടെ നേതൃനിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് അത് കാരണമാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കരുതുന്നു.

Signature-ad

എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായവും ഉയര്‍ന്നു. ഇവരെ എതിര്‍പക്ഷത്ത് നിര്‍ത്തി ബിജെപിക്ക് കേരളത്തില്‍ മുന്നോട്ട് പോവാനാവില്ല. ക്രൈസ്തവ നയതന്ത്രം ഓവറാകുന്നുവെന്നും വിമര്‍ശനമുണ്ട്. കോട്ടയത്ത് പാര്‍ട്ടിയിലെ ക്രൈസ്തവരുടെ യോഗം വിളിച്ചത് ബിജെപിയുടെ അടിസ്ഥാന ആശയങ്ങള്‍ക്ക് എതിരാണെന്നും ആക്ഷേപമുയര്‍ന്നു.

മത്സരിക്കാന്‍ ആഗ്രഹമുള്ള നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം. രാജീവ് ചന്ദ്രശേഖര്‍ നേമം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. രാജീവിനും അനൂപ് ആന്റണിക്കും ഷോണ്‍ ജോര്‍ജിനും മാത്രമേ സീറ്റ് ഉറപ്പുള്ളൂവെന്ന വിമര്‍ശനം ഉയരുന്നുണ്ട്. മറ്റ് നേതാക്കള്‍ ഏത് മണ്ഡലത്തില്‍ ശ്രദ്ധിക്കണമെന്ന അറിയിപ്പും കിട്ടിയില്ലെന്നും ആക്ഷേപമുയരുന്നു.

പാര്‍ട്ടിയുടെ വോട്ട് ചേര്‍ക്കല്‍ കണക്ക് വ്യാജമെന്ന ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന കോര്‍കമ്മറ്റിയ്ക്ക് മുന്നില്‍ വെച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അതിനിടെ കോര്‍ കമ്മറ്റിയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയ മുതിര്‍ന്ന നേതാവ് എ എന്‍ രാധാകൃഷ്ണനെ വീണ്ടും കോറില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്.

Back to top button
error: