വീട്ടമ്മയുടെ അവിഹിതം ഒളിച്ചിരുന്നു പകര്‍ത്തിയത് ഇരട്ടകള്‍; ഭീഷണിപ്പെടുത്തി പണം തട്ടി, വഴങ്ങണമെന്നും ആവശ്യം: രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍ (കുഞ്ഞാപ്പി 21), നടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയും ശമലിന്റെ ഇരട്ടസഹോദരനുമായ ശ്യാം മറ്റൊരു കേസില്‍ റിമാന്‍ഡിലാണ്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങള്‍ പകര്‍ത്തി. വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയില്‍നിന്നു പണം വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. കൂടാതെ വീഡിയോ ഇവരുടെ സുഹൃത്ത് ലത്തീഫിനും നല്‍കി. ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
ഷമലിനെ വെള്ളിയാഴ്ച രാവിലെ വീട്ടില്‍വെച്ചും ലത്തീഫിനെ പുലര്‍ച്ചെ മൂന്നിന് തളിപ്പറമ്പില്‍വെച്ചുമാണ് പിടികൂടിയത്. പുതിയ സ്ഥാപനം തുടങ്ങാന്‍ തൃശൂരില്‍നിന്ന് വാഹനത്തില്‍ സുഹൃത്തിനൊപ്പം വരികയായിരുന്നു ലത്തീഫ്. പോലീസ് ജീപ്പ് റോഡിന് കുറുകെയിട്ടാണ് ലത്തീഫിനെ പിടികൂടിയത്. ഇന്‍സ്പെക്ടര്‍ എം.എന്‍.ബിജോയ്, എഎസ്ഐമാരായ സി.എച്ച്.സിദ്ദിഖ്, സുജിത്ത്, പവിത്രന്‍, മുസ്തഫ, സിപിഒമാരായ ബിജു കരിപ്പാല്‍, പി.പി.പ്രമോദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.






