രാഹുലിന്റെ സസ്പെന്‍ഷന്‍: സ്പീക്കര്‍ക്ക് സതീശന്റെ കത്ത്; സഭയില്‍ എത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കറെ രേഖാമൂലം അറിയിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് കത്ത് നല്‍കിയത്. ഇതോടെ രാഹുല്‍ സഭയിലെത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും.
എന്നാല്‍, നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച കോണ്‍ഗ്രസ് തീരുമാനം സഭ ചേരുന്നതിന് തലേന്ന് മാത്രമേ ഉണ്ടാകാനിടയുള്ളൂ. അദ്ദേഹം മാറി നില്‍ക്കുകയാണ് പ്രതിപക്ഷത്തിന് നല്ലതെന്ന വാദത്തിനാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം. രാഹുലിന്റെ നിലപാടും ഇക്കാര്യത്തില്‍ പരിഗണിക്കും. 15ന് കെപിസിസി നേതൃയോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ക്കും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും അത് അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.






