Breaking NewsLead NewsMovieNEWS

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല, നിര്‍ബന്ധിച്ച് നീന്തല്‍ വേഷത്തില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിപ്പിച്ചു; ദുരനുഭവം വെളിപ്പെടുത്തി മോഹിനി

സിനിമയില്‍ ഇന്റിമേറ്റ് സീന്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതയായതിന്റെ ദുരനുഭവം തുറന്നുപറഞ്ഞ് നടി മോഹിനി. 1994-ല്‍ പുറത്തിറങ്ങിയ, സംവിധായകന്‍ ആര്‍ കെ സെല്‍വമണിയുടെ തമിഴ് ചിത്രമായ ‘കണ്‍മണി’യിലാണ് താരത്തിന് ദുരനുഭവമുണ്ടായത്. ചിത്രത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കാനും നീന്തല്‍ വസ്ത്രം ധരിച്ച് അഭിനയിക്കാനും തന്നെ നിര്‍ബന്ധിച്ചതായി മോഹിനി വെളിപ്പെടുത്തി. ‘അവള്‍ വികടന്‍’ എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ നിര്‍മാണം മുടങ്ങാതിരിക്കാന്‍ ഒടുവില്‍ മനസില്ലാ മനസോടെ വഴങ്ങിയെന്നും മോഹിനി പറഞ്ഞു.

‘സംവിധായകന്‍ ആര്‍ കെ സെല്‍വമണിയാണ് ഈ നീന്തല്‍ വസ്ത്രം ധരിച്ചുള്ള രംഗം ആസൂത്രണം ചെയ്തത്. എനിക്ക് വളരെ അസ്വസ്ഥത തോന്നി. അത് ചെയ്യാന്‍ സമ്മതമല്ലെന്ന് അറിയിച്ചു, കരഞ്ഞു. അന്ന് ഷൂട്ടിങ് പകുതി ദിവസത്തേക്ക് നിര്‍ത്തിവച്ചു. എനിക്ക് നീന്താന്‍ പോലും അറിയില്ലെന്ന് ഞാന്‍ വിശദീകരിച്ചു. പുരുഷ പരിശീലകരുടെ മുന്നില്‍ പകുതി വസ്ത്രം മാത്രം ധരിച്ച് ഞാന്‍ എങ്ങനെ നീന്തല്‍ പഠിക്കും. അക്കാലത്ത് സ്ത്രീ പരിശീലകര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് അത് ചെയ്യുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ല. ‘ഉടല്‍ തഴുവ’ എന്ന ഗാനത്തിന് വേണ്ടി ആ രംഗം ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു.

Signature-ad

ഒരു ദിവസത്തിന്റെ പകുതി ഞാന്‍ ജോലി ചെയ്തു. അവര്‍ ചോദിച്ചത് കൊടുത്തു. പിന്നീട്, ഇതേ രംഗം ഊട്ടിയില്‍ ചിത്രീകരിക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ നിരസിച്ചു. അതില്ലാതെ ഷൂട്ട് തുടരില്ലെന്ന് അവര്‍ പറഞ്ഞു. അത് നിങ്ങളുടെ പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞു. മുന്‍പ് എന്നെ നിര്‍ബന്ധിച്ച അതേ രീതിയിലായിരുന്നു അവര്‍ പിന്നെയും സമീപിച്ചത്.’

സമ്മതമില്ലാതെ താന്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട ഒരേയൊരു സിനിമ ‘കണ്‍മണി’ ആയിരുന്നു എന്ന് താരം പറഞ്ഞു. ആ സിനിമയിലെ വേഷം മനോഹരവും വെല്ലുവിളി നിറഞ്ഞതുമായിട്ടും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്നും മോഹിനി പറഞ്ഞു.

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്തെ നിത്യസാന്നിധ്യമായിരുന്നു മോഹിനി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ശിവാജി ഗണേശന്‍, നന്ദമുരി ബാലകൃഷ്ണ, ചിരഞ്ജീവി, ശിവരാജ്കുമാര്‍, വിജയകാന്ത്, വിഷ്ണുവര്‍ധന്‍, വിക്രം, രവിചന്ദ്രന്‍, ശരത്കുമാര്‍, മോഹന്‍ ബാബു തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം മോഹിനി അഭിനയിച്ചിട്ടുണ്ട്. സൈന്യം, ഒരു മറവത്തൂര്‍ കനവ്, ഇന്നത്തെ ചിന്താ വിഷയം, വേഷം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു. 2011ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം ‘കലക്ടറി’ലാണ് മോഹിനി അവസാനമായി അഭിനയിച്ചത്.

 

 

 

 

Back to top button
error: