സ്ത്രീയെ വിവസ്ത്രയാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്, അറസ്റ്റ്

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ പന്റുട്ടിക്ക് സമീപം നാല് സ്ത്രീകള്‍ ചേര്‍ന്ന് മറ്റൊരു സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭാഗികമായി വിവസ്ത്രയാക്കിയ ശേഷമാണ് സംഘം ചേര്‍ന്ന് സ്ത്രീയെ മര്‍ദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരത നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്, മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്.
സാരി അഴിച്ചെടുത്ത ശേഷം സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. നാല് സ്ത്രീകള്‍ ചേര്‍ന്ന് ഇരയാക്കപ്പെട്ട സ്ത്രീയെ അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ‘നീ ഒരു നായയ്ക്ക് സമമാണ്’ എന്ന് കൂട്ടത്തിലുള്ള സ്ത്രീ ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വടി ഉപയോഗിച്ച് ഇരയാക്കപ്പെട്ട സ്ത്രീയെ അടിക്കുന്നതും, ഒരാള്‍ മുടിയില്‍ പിടിച്ചു വലിക്കുന്നതും കാണാം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കടലൂര്‍ പൊലീസ് പറഞ്ഞു.






