‘ഞങ്ങള്‍ വെല്ലുവിളിക്കാറില്ല, ഇത് സഹികെട്ടിട്ടാണ്; ഈ പോലീസുകാര്‍ കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ല’

തൃശൂര്‍: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ കാക്കിധരിച്ച് വീടിന് പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്ന ഭീഷണിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളം ഇതുവരെ കാണാത്ത പ്രതികരണമായിരിക്കും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. സുജിത്തിനെ കുന്നംകുളത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
സിപിഎമ്മിനെ പോലെയോ ബിജെപിയെ പോലെയോ ഉള്ള പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പാര്‍ട്ടിക്ക് ഒരു ഫ്രെയിം ഉണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ അതുവിട്ട് പ്രതികരിക്കും. പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ട് സഹിക്കാന്‍ പറ്റുന്നില്ല. ദൃശ്യം കണ്ടപ്പോള്‍ എന്താണ് മനസ്സിലുള്ള വികാരം, അതനുസരിച്ച്, അതിന് ആനുപാതികമായുള്ള പ്രതികരണം ഉണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല.
കേരളത്തിലെ പോലീസിനെ നയിക്കുന്നത് ഉപജാപക സംഘമാണ്. ആ സംഘമാണ് ഉദ്യോഗസ്ഥരെ മുഴുവന്‍ സംരക്ഷിക്കുന്നത്. എന്ത് വൃത്തികേട് ചെയ്താലും സംരക്ഷിക്കാന്‍ ആളുണ്ട്. അത് ഇതോടെ അവസാനിക്കണം. ഈ മോന്‍ ആയിരിക്കണം അവസാനത്തെ ഇര. ഇതുപോലെ ഇനി ഒരു ഇര ഉണ്ടാകാന്‍ പാടില്ല. വലിയ കൊലപാതകികളും ക്രിമിനലുകളും ഗുണ്ടകളും അഴിഞ്ഞാടുകയാണ്. അവരോട് ഒന്നും പോലീസിന് ഈ മനോഭാവം അല്ല. വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ എടുത്ത സ്റ്റാന്‍ഡ് തന്നെയാണ്, നടപടി ഇല്ല എന്നാണെങ്കില്‍ ഇവരാരും വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് വളരെ എളുപ്പമാണ്. ആരും വീട്ടില്‍നിന്ന് പുറത്തിറങ്ങില്ല. കാക്കി വേഷം ധരിച്ച് ഇനി ഇവര്‍ പോലീസില്‍ ജോലി ചെയ്യാം എന്നു കരുതണ്ട. ഞങ്ങള്‍ ജയിലില്‍ പോയാലും അത് നടക്കില്ല. ഇത്രയൊന്നും സാധാരണ ഞങ്ങള്‍ പറയാറില്ല. ഞങ്ങളാരും ആരേയും വെല്ലുവിളിക്കാറില്ല. ഇങ്ങനെയൊന്നും ചെയ്യുന്ന ആളുകളല്ല. സഹികെട്ടിട്ടാണ് ഇങ്ങനൊക്കെ പറയുന്നത്, വി.ഡി. സതീശന്‍ പറഞ്ഞു.
2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കുന്നംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം സ്റ്റേഷനിലെത്തിച്ച് മര്‍ദിച്ചത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദനദൃശ്യങ്ങള്‍ സുജിത്തിന് ലഭിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.






