അധ്യാപികയുടെ അപകട മരണത്തില്‍ ദുരൂഹതയില്ല; നിയന്ത്രണം തെറ്റിയതെന്ന് സൂചനകള്‍; കുഞ്ഞു മക്കളെയും ഭര്‍ത്താവിനെയും തനിച്ചാക്കി മടക്കം; ആന്‍സി മിസ് ഇനി കണ്ണീരോര്‍മ…

പാലക്കാട്: ഓണാഘോഷത്തിനായി കോളേജിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടര്‍ അപകടത്തില്‍ കോളേജ് അദ്ധ്യാപിക മരിച്ചത് അജ്ഞാത വാഹനമിടിച്ചല്ലെന്ന നിഗമനത്തില്‍ പൊലീസ്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തിലേക്ക് എത്തുന്നത്. കോയമ്പത്തൂര്‍ എ.ജെ.കെ കോളേജിലെ അധ്യാപിക ഡോ.എന്‍.എ.ആന്‍സി (36) ആണ് മരിച്ചത്.
സിസിടിവി പരിശോധനയില്‍ സ്‌കൂട്ടറിനുപിന്നില്‍ മറ്റ് വാഹനങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ ഡിവൈഡറിലും സുരക്ഷാ കവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പുകമ്പിയിലും ഇടിച്ചുകയറി സര്‍വീസ് റോഡിലേക്ക് തെറിച്ചുവീണായിരുന്നു അപകടം എന്ന് പ്രാഥമിക പരിശോധയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരം മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഇത് പൂര്‍ത്തിയാകുമ്പോഴേക്കും അപകട കാരണത്തെക്കുറിച്ച് വ്യക്തത വരുമെന്നാണ് വാളയാര്‍ ഇന്‍സ്പെകടര്‍ എന്‍എസ് രാജീവ് അറിയിച്ചു. കഞ്ചിക്കോട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം. ആന്‍സിയുടെ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി ഡിവൈഡറിലും സുരക്ഷാകവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കമ്പികളിലും ഇടിച്ചുകയറി സര്‍വീസ് റോഡിലേക്ക് തെറിച്ചുവീണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആന്‍സിയുടെ വലതു കൈ മുട്ടിനു താഴെ വേര്‍പെട്ടു പോയിരുന്നു. സര്‍വീസ് റോഡില്‍ ഒരു സ്ത്രീ കിടക്കുന്നുവെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാളയാര്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റവേയാണ് മരണം സംഭവിച്ചത്. പാലക്കാട് സ്റ്റേഡിയം റോഡ് മാങ്കാവ് വീട്ടില്‍ ആന്റണി നീലങ്കാവിന്റെയും പരേതയായ ബേബിയുടെയും മകളാണ്. ഭര്‍ത്താവ്: ചക്കാന്തറ കൈക്കുത്തുപറമ്പ് ആലുക്കാപറമ്പില്‍ വിപിന്‍. ഓസ്റ്റിന്‍, ആല്‍സ്റ്റിന്‍ എന്നിവരാണു മക്കള്‍. ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തി.
അതേസമയം, എപ്പോഴും ചിരിച്ചുകൊണ്ടു മാത്രം കണ്ടിരുന്ന പ്രിയപ്പെട്ട അധ്യാപികയുടെ മുഖത്തേക്ക് നോക്കാനാവാതെ വിതുമ്പുകയായിരുന്നു ഇന്നലെ ചക്കാന്തറയിലെ വീടിനുമുന്‍പില്‍ കാത്തുനിന്ന വിദ്യാര്‍ഥികള്‍. കഴിഞ്ഞദിവസം സ്‌കൂട്ടര്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ മരിച്ച അധ്യാപിക ഡോ. ആന്‍സിയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോള്‍ കണ്ടുനിന്നവരുടെയാകെ ഉള്ളുലഞ്ഞു.
നാലാംക്ലാസിലും യുകെജിയിലുമായി പഠിക്കുന്ന മക്കളെയും ഭര്‍ത്താവിനെയും തനിച്ചാക്കിയാണ് ആന്‍സിയുടെ വിടവാങ്ങല്‍. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പാലക്കാട് ചക്കാന്തറയിലെ വീട്ടിലെത്തിച്ചത്. പ്രിയപ്പെട്ട ആന്‍സി മിസ്സിനെ കാണാന്‍ നേരത്തേ തന്നെ വിദ്യാര്‍ഥികള്‍ വീട്ടിലേക്കെത്തിയിരുന്നു. പൂര്‍വ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും അയല്‍വാസികളുമെല്ലാം വിതുമ്പലടക്കാന്‍ പാടുപെട്ടു. കോളജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. ഇതോടെ രണ്ടുദിവസങ്ങളിലായി നടത്താനുദ്ദേശിച്ചിരുന്ന കോളജിലെ ഓണാഘോഷങ്ങളെല്ലാം ഉടന്‍ റദ്ദാക്കി.






