ഇലക്ട്രിക് വാഹനമെന്ന സ്വപ്‌നത്തിനു തുരങ്കം വയ്ക്കുന്ന ജി.എസ്.ടി. പരിഷ്‌കാരം; നികുതി കുത്തനെ ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ചര്‍ച്ചകള്‍; ആഡംബര കാറുകള്‍ക്ക് 40 ശതമാനം നികുതി വര്‍ധന ഉറപ്പ്; വിദേശ കമ്പനികള്‍ക്ക് തിരിച്ചടിയാകും

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധിച്ചതിനു പിന്നാലെ ഇലക്ട്രിക് കാറുകളിലേക്കു നീങ്ങിത്തുടങ്ങിയ വിപണിക്ക് ജി.എസ്.ടി. പരിഷ്‌കാരം തിരിച്ചടിയാകാന്‍ സാധ്യത. നിലവില്‍ ആഡംബര ഇലക്ട്രിക് കാറുകള്‍ക്കും ഹൈബ്രിഡ് കാറുകള്‍ക്കും നികുതി വര്‍ധിപ്പിക്കാനുള്ള നീക്കമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇന്ത്യയില്‍ ആഡംബരക്കാറുകളില്‍ ഏറെയും വിദേശ ബ്രാന്‍ഡുകളുടെയാണ്. ടെസ്്ല, മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ബിവൈഡി എന്നിവയാണ് ഇന്ത്യയില്‍ നിലവില ആഡംബര ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നത്.
നിലവില്‍ 40 ലക്ഷത്തിനു മുകളില്‍ വിലയുള്ള കാറുകളുടെ നികുതി വര്‍ധനയാണു ലക്ഷ്യമിടുന്നത്. നിലവില്‍ 20 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് അഞ്ചു ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇതു 18 ശതമാനത്തിലേക്ക് എത്തിക്കും. 40 ലക്ഷത്തിനു മുകളില്‍ വിലയുള്ളവയ്ക്ക് 28 ശതമാനവും ജി.എസ്.ടി. ലക്ഷ്യമിടുന്നു. ഇവ സമൂഹത്തില്‍ ഉയര്‍ന്ന സാമ്പത്തിക വരുമാനമുള്ളവരാണ് ഉപയോഗിക്കുന്നത് എന്നതും ഇറക്കുമതി ചെയ്യുന്നവയാണ് ഇവയിലേറെയെന്നതുമാണ് ജി.എസ്.ടി. കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്.
28 ശതമാനം ജി.എസ്.ടി. മോദി സര്‍ക്കാര്‍ ഒഴിവാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇവികളുടെ നികുതി 18 ശതമാനത്തില്‍ എത്തിക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളെയാകെ ആഡംബര വസ്തുക്കളുടെ നികുതിയായ 40 ശതമാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയും സമാന്തരമായി ഉണ്ട്.

നിലവില്‍ ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി ആകെ വാഹന വില്‍പനയുടെ അഞ്ചു ശതമാനം മാത്രമാണ്. പക്ഷേ, വളര്‍ച്ച വേഗത്തിലാണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള ഇടവേളയില്‍ 15,500 യൂണിറ്റുകളാണ് ആകെ വിറ്റഴിച്ചത്. വിദേശ വാഹനങ്ങള്‍ക്കൊപ്പം മഹീന്ദ്ര, ടാറ്റ പോലുള്ളവ 20 ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ വില്‍ക്കുന്നില്ലെങ്കിലും പുതിയ നീക്കം ബുദ്ധിമുട്ടുണ്ടാക്കും.
നിലവില്‍ ടെസ്്‌ലയുടെ മോഡല്‍ ‘വൈ’ ഇന്ത്യയിലെ തുടക്കവില 57.25 ലക്ഷമാണ്. മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ബിവൈഡി എന്നിവയും ആഡംബര കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നു.
ക്ലീന്‍ എനര്‍ജിയെന്ന സങ്കല്‍പ്പത്തിനു പുതിയ നീക്കം തടസമാകുമെന്നു ടാറ്റ മോട്ടോഴ്‌സിന്റെ വക്താക്കള്‍ പറയുന്നു. തദ്ദേശീയ ഉത്പാദനത്തെ ഇതു ബാധിക്കും. എന്‍ട്രി ലെവല്‍ കാറുകളെയായിരിക്കും ഇതു ബാധിക്കുകയെന്നു ബെന്‍സും കണക്കാക്കുന്നു. ഏറ്റുവും മുന്തിയ കാറുകളെ ഇതു ബാധിക്കാന്‍ സാധ്യതയില്ല. നിലവില്‍ ടാറ്റയാണ് ഇവി വിപണിയില്‍ 40 ശതമാനവുമായി മുന്നില്‍ നില്‍ക്കുന്നത്. മഹീന്ദ്രയ്ക്ക് 18 ശതമാനവും ബിവൈഡിക്ക് 3 ശതമാനവും ബിഎംഡബ്ല്യു, ബെന്‍സ് എന്നിവയ്ക്കു 2 ശതമാനവും വിപണി വിഹിതമുണ്ട്. ടെസ്്‌ല ബുക്കിംഗ് ആരംഭിച്ചെങ്കിലും വിതരണം ആരംഭിച്ചിട്ടില്ല.
അതേസമയം, ജി.എസ്.ടി. നികുതി പത്തുശതമാനം കുറയ്ക്കുമ്പോള്‍ ഇന്ത്യയിലെ മറ്റു 175 ഉത്പന്നങ്ങള്‍ക്കു വില കുറയും. ഷാംപു മുതല്‍ ഹൈബ്രിഡ് കാറുകളും കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഐറ്റങ്ങളുംവരെ ഇക്കൂട്ടത്തില്‍ പെടും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിനു പിന്നാലെയാണ് ഇന്ത്യയിലെ നികുതി സംവിധാനത്തില്‍ അടിമുടി പരിഷ്‌കാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങിയത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ തയാറാകണമെന്നു മോദി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് ശക്തിയെന്ന നിലയിലാണ് കഴിഞ്ഞ ഓഗസ്റ്റ് 15ന് നികുതിയില്‍ അടിമുടി പരിഷ്‌കാരമുണ്ടാകുമെന്ന് മോദി പ്രഖ്യാപിച്ചത്. ഇന്ത്യക്കാര്‍ക്കു കുറഞ്ഞ ചെലവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന നീക്കവും ഇതിനു പിന്നിലുണ്ട്.
ടാല്‍ക്കം പൗഡര്‍, ഷാംപൂ, ടൂത്ത് പേസ്റ്റ് എന്നിവയുടെ നികുതി 18 ശതമാനത്തില്‍നിന്ന് 5 ശതമാനമാകും. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഗോദ്‌റെജ് പോലുള്ള കമ്പനികള്‍ക്ക് ഇത് മികച്ച നേട്ടമാകും. എസികളുടെ നികുതി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാകുന്നതോടെ സാംസങ്, എല്‍ജി ഇലക്‌ട്രോണിക്‌സ്, സോണി എന്നിവയ്ക്കു ഗുണം ചെയ്യും. സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ ഏതൊക്കെ ഇനങ്ങളുടെ നികുതി കുറയുമെന്ന കാര്യത്തില്‍ ജി.എസ്.ടി. കൗണ്‍സിലിനു നേതൃത്വം നല്‍കുന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കുമെന്നാണു വിവരം.
അമേരിക്ക പ്രതികാര നടപടിയെന്നോണം ഏര്‍പ്പെടുത്തിയ 50 ശതമാനം നികുതി വര്‍ധനയുടെ തിരിച്ചടി മയപ്പെടുത്താന്‍ വേണ്ടിയാണ് ഇന്ത്യ നികുതിയില്‍ വമ്പന്‍ പരിഷ്‌കരണം വരുത്തുന്നതെന്നാണു വിവരം. ഇന്ത്യയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്കു പ്രോത്സാഹനം നല്‍കാന്‍ ഈ നീക്കം ഉപകാരപ്പെടുമെന്നാണു കരുതുന്നത്.
ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്യുന്ന വളം, കൃഷിക്കുപയോഗിക്കുന്ന യന്ത്രങ്ങള്‍, ട്രാക്ടറുകള്‍, ഇവയുടെ പാര്‍ട്‌സുകള്‍ എന്നവയുടെ നികുതിയും 12 ശതമാനം മുതല്‍ അഞ്ചു ശതമാനംവരെ കുറച്ചേക്കും. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ടെക്‌സ്‌റ്റൈല്‍സ് ഉത്പന്നങ്ങള്‍ക്കും നികുതി കുറവ് സഹായകമാകും. നിലവില്‍ വസ്ത്ര കയറ്റുമതിയെയാണ് ട്രംപിന്റെ താരിഫ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്.
ജപ്പാനില്‍നിന്നുള്ള കാര്‍ നിര്‍മാതാക്കളായ ടൊയോട്ട, സുസുക്കി എന്നിവയുടെ പെട്രോള്‍-ഹൈബ്രിഡ് കാറുകളുടെ നികുതി 28 ശതമാനത്തില്‍നിന്നു 18 ശതമാനമാക്കി കുറയ്ക്കാനാണു നീക്കം. പെട്രോളില്‍ ഓടുന്ന കാറുകളേക്കാള്‍ മെച്ചമുള്ള ഹൈബ്രിഡ് ചെറുകാറുകളുടെ നികുതി കുറയ്ക്കണമെന്നത് ഈ കമ്പനികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. കമ്പസ്റ്റിയന്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറുകള്‍കൂടി പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് കാറുകളുടെ നികുതി ഇലക്ട്രിക് കാറുകള്‍ക്കുള്ള നികുതിയുടെ അടുത്തെത്തും.
350 സിസിയില്‍ താഴെയുള്ള ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും നികുതി കുറയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇരുചക്ര വാഹനങ്ങളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 20 ദശലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യയില്‍ ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോര്‍പ്, ടിവിഎസ് മോട്ടോഴ്‌സ് എന്നിവ വിറ്റഴിച്ചത്.
ഇന്ത്യയുടെ ചെറുകാര്‍ വിപണിക്ക് ഉത്തേജനം നല്‍കാന്‍ നികുതി പരിഷ്‌കാരം സഹായിക്കുമെന്നാണു കരുതുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോ മൊബൈല്‍ മാര്‍ക്കറ്റാണ് ഇന്ത്യ. മാരുതി സുസുക്കി, ഹണ്ടയ് മോട്ടോര്‍, ടാറ്റ മോട്ടോഴ്‌സ് എന്നിവയ്ക്കും നികുതി പരിഷ്‌കാരം ഗുണം ചെയ്യും.
എന്നാല്‍, 4 മീറ്ററില്‍ കൂടുതല്‍ നീളമുള്ള വലിയ കാറുകള്‍ക്കുള്ള നികുതി 40 ശതമാനമാകും. പന്തയം, കാസിനോകള്‍, കുതിരയോട്ടം എന്നിവയ്ക്കുള്ള നികുതി ഉയര്‍ത്തിയേക്കും. പെപ്‌സി, കൊക്കകോള എന്നിവയ്ക്കുള്ള നികുതി കുറയ്ക്കണമെന്ന ആവശ്യമുണ്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.






