Breaking NewsLead NewsLIFELife Style

കല്യാണം കഴിച്ചതു തന്നെ സിന്ദൂരം തൊടാനാണ്; കുലസ്ത്രീ എന്ന വിളിയും സ്വാസിക ഇഷ്ടം

സ്വന്തം ഇഷ്ടങ്ങളെ കുറിച്ചും താത്പര്യങ്ങളെ കുറിച്ചും പലപ്പോഴും മാധ്യമങ്ങളിലൂടെ തുറന്നു പറയാറുണ്ട് നടി സ്വാസിക വിജയ്. സ്വാസികയുടെ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റുകളും ആളുകള്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ സിന്ദൂരം തൊടുന്നതിനുള്ള ഇഷ്ടത്തെ കുറിച്ച് പറയുന്ന സ്വാസികയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. സിന്ദൂരം തൊടുന്നതിനു വേണ്ടിയാണ് താന്‍ വിവാഹം കഴിച്ചതെന്ന് സ്വാസിക പറഞ്ഞു. സിന്ദൂരം, താലി ഇതെല്ലാം തികച്ചും തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. കുലസ്ത്രീ എന്ന വിളി ഇഷ്ടമാണ്. ആളുകള്‍ വിമര്‍ശിക്കുന്നതു കൊണ്ട് തന്റെ ഇഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെന്നും സ്വാസിക വ്യക്തമാക്കി.

‘സത്യമായിട്ടും ഞാന്‍ കല്യാണം കഴിച്ചതു തന്നെ സിന്ദൂരമിടാനാണ്. കുലസ്ത്രീ എന്നാണല്ലോ എന്നെ ആള്‍ക്കാരെപ്പോഴും കളിയാക്കുന്നത്. പക്ഷേ, ആ വാക്ക് എനിക്കിഷ്ടമാണ്. കുലസ്ത്രീയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നെറുകു വരെ നീട്ടി സിന്ദൂരമിടുന്നതാണ് അതിന്റെ ഒരു ഐതിഹ്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിന്ദൂരം നീട്ടിയിടാനാണ് എനിക്കിഷ്ടം. താലിയിടാന്‍ എനിക്കിഷ്ടമാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. അതെല്ലാം എനിക്കു പറ്റുന്നതു പോലെ ഞാന്‍ ചെയ്യും. ചില ഡ്രസ് ഇടുമ്പോള്‍ ചെയ്യാറില്ല. സാരിയുടുക്കുമ്പോള്‍ ചെയ്യാറുണ്ട്. അപ്പോള്‍ അതെന്റെ ഒരിഷ്ടമായതു കൊണ്ട് വീട്ടിലിരിക്കുമ്പോഴും രാവിലെ എണീറ്റ് സിന്ദൂരം തൊടും.’ സ്വാസിക പറഞ്ഞു

Signature-ad

ചെറുപ്പം മുതല്‍ ഇതെല്ലാം തന്റെ ഇഷ്ടങ്ങളാണെന്നും സ്വാസിക വ്യക്തമാക്കി. ‘നമുക്ക് ചെറുപ്പത്തില്‍ ചില ഇഷ്ടങ്ങള്‍ വരും. അതെങ്ങനെയാണ് നമ്മുടെ ഉള്ളിലേക്കു വരുന്നതെന്ന് നമ്മള്‍ തന്നെ അറിയാറില്ല. കൗമാരകാലം മുതല്‍ കല്യാണം, കുടുംബം, കുട്ടി പിന്നെ നിങ്ങളൊക്കെ എപ്പോഴും ട്രോളുന്ന ഭര്‍ത്താവിന്റെ കാലു തൊട്ടുതൊഴല്‍ ഇതെല്ലാം എന്റെ ഇഷ്ടങ്ങളാണ്. ആളുകള്‍ എന്നെ ട്രോളി എന്നു കരുതി എന്റെ ഇഷ്ടങ്ങളൊന്നും ഞാന്‍ ഒരിക്കലും മാറ്റി വയ്ക്കില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടത്തിന് എന്നെ ട്രോളാം, വിമര്‍ശിക്കാം. പക്ഷേ, സിന്ദൂരമിടുക, താലി ഇടുക ഇതെല്ലാം എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഞാനെത്രത്തോളം എന്നെ സ്‌നേഹിക്കുന്നു. അത്രത്തോളം ഞാന്‍ എന്റെ സംസ്‌കാരത്തെയും സ്‌നേഹിക്കുന്നു.’ സ്വാസിക കൂട്ടിച്ചേര്‍ത്തു.

സ്വാസികയുടെ വീഡിയോയ്ക്കു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. സിന്ദൂരവും സാരിയും സ്ത്രീകള്‍ക്കു ഭംഗിയാണെന്നാണ് ചിലരുടെ പക്ഷം. സിന്ദൂരവും സാരിയും അണിയാനുള്ള ഇഷ്ടം പോലെ തന്നെ അത് അണിയാതിരിക്കുന്നതും ഇഷ്ടപ്പെടുന്നവരുണ്ടെന്നും ചില കമന്റുകള്‍ എത്തി. ഇതെല്ലാം എപ്പോഴും കാണണമെന്നും ചതുരത്തില്‍ സിന്ദൂരം അണിഞ്ഞാണോ അഭിനയിച്ചതെന്നും ചിലര്‍ കമന്റുകളില്‍ ചോദിക്കുന്നു. ഇതെല്ലാം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സ്വാസികയ്ക്ക് അഭിനന്ദനങ്ങള്‍ എന്നും ചിലര്‍ കമന്റ് ചെയ്തു.

Back to top button
error: