സസ്പെന്‍ഷന്‍ കൂട്ടായ തീരുമാനം; രാഹുലിനെ നിയമസഭാ കക്ഷിയില്‍നിന്നു മാറ്റി നിര്‍ത്തും; രാജി ആവശ്യപ്പെടുന്നവര്‍ക്ക് ധാര്‍മികതയില്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെയാണ് കണ്ടത്. സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെന്നതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് രാഷ്ട്രീയ എതിരാളികള്‍ ആവശ്യപ്പെടുന്നതിന് യാതൊരു ധാര്‍മികതയുമില്ലെന്നും ഇക്കാര്യത്തില്‍ ആരും തങ്ങളെ ഉപദേശിക്കേണ്ടതില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഞങ്ങളെ ഉപദേശിക്കുന്നവര്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കും കേരളം ഭരിക്കുന്ന പാര്‍ട്ടിക്കും ഞങ്ങളെ ഉപദേശിക്കാന്‍ യാതൊരു അര്‍ഹതയുമില്ല. അത് ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും അറിയാം. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവത്തോടെ കാണുന്നു. വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പരാതികള്‍ക്കും കേസുകള്‍ക്കും കാത്തുനില്‍ക്കാതെ അദ്ദേഹം പാര്‍ട്ടി ഭാരവാഹിത്വം രാജിവച്ച് മാതൃകയാണ് കാണിച്ചത്. തുടര്‍നടപടികള്‍ സംബന്ധിച്ച് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി താനും പ്രതിപക്ഷ നേതാവും ആശയവിനിമയം നടത്തി. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം’.
‘രാഹുലിനെതിരെ പാര്‍ട്ടിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. എവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗുരുതരമായ കേസുകള്‍ ഉണ്ടായിട്ടും രാജിവയ്ക്കാത്ത നിരവധി ജനപ്രതിനിധികള്‍ ഉണ്ട്. സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെന്നതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഇക്കാര്യം രാഹുലിനെയും അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി സ്ഥാനം ലഭ്യമല്ലെന്ന കാര്യം അറിയിച്ചിട്ടുണ്ട്’. സണ്ണി ജോസഫ് പറഞ്ഞു.






