Breaking NewsLead NewsWorld

‘യുഎസിനെ അനുസരിക്കാനുള്ള സമ്മര്‍ദത്തിന് ഇറാന്‍ ഒരിക്കലും വഴങ്ങില്ല’; അമേരിക്കയുമായുള്ള നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തതെന്ന് ആയത്തുള്ള അലി ഖമീനി

ടെഹ്‌റാന്‍: അമേരിക്കയുമായുള്ള നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തതാണെന്ന് വ്യക്തമാക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. യുഎസിനെ അനുസരിക്കാനുള്ള സമ്മര്‍ദത്തിന് ഇറാന്‍ ഒരിക്കലും വഴങ്ങില്ല. നേരിട്ടുള്ള ചര്‍ച്ചയ്ക്കായി അവര്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രതിസന്ധിയുടെ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്നതാണെന്നും ഖമീനി പറഞ്ഞു.

അടുത്തയാഴ്ച ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ഫ്രഞ്ച്, ബ്രിട്ടീഷ്, ജര്‍മ്മന്‍ പ്രതിനിധികളുമായി ധാരണയിലെത്തിയതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഖമീനിയുടെ പ്രസ്താവന. ആണവ പദ്ധതിയെച്ചൊല്ലി പാശ്ചാത്യ ശക്തികളുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന പുറത്തുവന്നത്.

Signature-ad

യുഎസുമായി ചര്‍ച്ച നടത്താന്‍ പ്രേരിപ്പിക്കുന്നവര്‍ ബാഹ്യരൂപം മാത്രമാണ് കാണുന്നത്. തന്റെ കാഴ്ചപ്പാടില്‍, ഈ പ്രശ്‌നം പരിഹരിക്കാനാവാത്തതാണ്. ഇറാന്‍ അമേരിക്കയെ അനുസരിക്കണമെന്നതാണ് അവരുടെ ആവശ്യം. അത്തരം തെറ്റായ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്കെതിരെ ഇറാനിലെ ജനത അവരുടെ സര്‍വ ശക്തിയുമെടുത്ത് നിലകൊള്ളുമെന്നും ഖമീനി പറഞ്ഞു.

ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിനിടെ അമേരിക്കയും ഇസ്രയേലും രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടതിനെത്തുടര്‍ന്ന് ഇറാന്‍, അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു.

അതേസമയം, ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത പക്ഷം, ‘സ്‌നാപ്പ്ബാക്ക്’ സംവിധാനം ഉപയോഗിച്ച് ഇറാനെതിരായ ഐക്യരാഷ്ട്രസഭയുടെ ഉപരോധം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് ഫ്രാന്‍സും ബ്രിട്ടനും ജര്‍മ്മനിയും വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് യൂറോപ്യന്‍ രാജ്യങ്ങളും യുഎസും പറയുന്നു.

Back to top button
error: