തോട്ടപ്പള്ളിയിലെ 62കാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; 68കാരനായ പ്രതി പിടിയില്‍, തൊട്ടടുത്ത പള്ളിയിലെ ജീവനക്കാരന്‍

ആലപ്പുഴ: അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍വീട്ടില്‍ അബൂബക്കറി (68)നെയാണ് അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തത്. ബലാത്സംഗത്തിനിടെ സ്ത്രീ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ചയാണ് തനിച്ചുതാമസിക്കുന്ന 62-കാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളില്‍ മുളകുപൊടി വിതറിയിരുന്നു. വൈദ്യുതിക്കമ്പി മുറിച്ച് വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനു കേസെടുത്ത പോലീസ് അന്വേഷണത്തിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മുപ്പതംഗ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു.
മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ ഗുരുതരപരിക്കുകളില്ലെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമികനിഗമനം. എങ്കിലും കേസന്വേഷണവുമായി പോലീസ് മുന്നോട്ടുപോയി. സംശയം തോന്നിയ അറുപതുപേരെ പലവട്ടം ചോദ്യംചെയ്തു. വിവിധ ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലും അന്വേഷണസംഘമെത്തി ചിലരെ ചോദ്യംചെയ്തു. തൊട്ടടുത്ത പള്ളിയിലെ ജീവനക്കാരനായ പ്രതി സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ മുതല്‍ അവിടെയുണ്ടായിരുന്നു.
പള്ളിയോടുചേര്‍ന്നുതന്നെയാണ് ഏഴുകൊല്ലമായി ഇയാള്‍ താമസം. സംഭവത്തിനുശേഷം ഒരുദിവസംമാത്രമാണ് ഇയാള്‍ വീട്ടില്‍ പോയത്. പ്രധാന സാക്ഷിയാക്കാമെന്നു കരുതിയാണ് ആദ്യം പോലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ഇതിനിടെ ചില സംശയങ്ങള്‍ തോന്നി. സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇയാളുടെ സംശയാസ്പദമായ ദൃശ്യങ്ങള്‍ കണ്ട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ സ്ത്രീയുടെ മൊബൈല്‍ ഫോണിലേക്ക് ഇയാള്‍ വിളിച്ചതിന്റെ വിവരങ്ങളും ശേഖരിച്ചു.
മൃതദേഹം ഷീറ്റിട്ടു മൂടുകയും മുഖം മറയ്ക്കുകയും ചെയ്ത നിലയിലായിരുന്നു. സംഭവത്തിനുശേഷമുള്ള ദിവസങ്ങളിലെ ഇയാളുടെ പെരുമാറ്റങ്ങളില്‍ പന്തികേടും തോന്നി. രണ്ടുദിവസമായി പ്രതിയെ നിരന്തരം ചോദ്യംചെയ്തു. ഒടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പിനുശേഷം വൈകുന്നേരത്തോടെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.






